എറണാകുളം : കൊച്ചി മെട്രോ സർവീസ് വ്യാഴാഴ്‌ച പുനരാരംഭിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവെച്ച മെട്രോ 53 ദിവസത്തിന് ശേഷമാണ് ഓടുന്നത്. ആദ്യ ഘട്ടത്തിൽ രാവിലെ എട്ട് മുതൽ രാത്രി എട്ടുമണിവരെയാണ് യാത്രാസമയം.
രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ പത്ത് മിനിട്ട് ഇടവേളയിലും മറ്റ് സമയങ്ങളിൽ പതിനഞ്ച് മിനിട്ട് ഇടവേളയിലുമാണ് സർവീസ് നടത്തുക.
- യാത്ര കൊവിഡ് നിയമം പാലിച്ച്
കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് മെട്രോയിൽ യാത്ര അനുവദിക്കുകയെന്ന് കെഎംആർഎൽ അറിയിച്ചു. മെട്രോ ട്രെയിനും സ്റ്റേഷനുകളും പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്. ശരീര താപനില പരിശോധിച്ച ശേഷമാണ് യാത്രക്കാരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കുക.
വലിയ സ്റ്റേഷനുകളിൽ ശരീര താപനില രേഖപ്പെടുത്തുന്ന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നതിന് ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്‌ഫോം, ട്രെയിന്‍ സീറ്റ് എന്നിവിടങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
ഓരോ തവണയും യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മെട്രോ ട്രെയിന്‍ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്യും. ട്രെയിനിനുള്ളിൽ 26 ഡിഗ്രിയായി താപനില ക്രമീകരിക്കും. കേന്ദ്രീകൃത സംവിധാനത്തിലൂടെ യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
ടിക്കറ്റ് കൗണ്ടറുകളിൽ കോൺടാക്ട് ഇല്ലാതെയാണ് യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കുക. മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കിയുമായിരിക്കും പ്രവേശിപ്പിക്കുക. യാത്രക്കാരുടെ എണ്ണത്തിലെ വർധനയനുസരിച്ച് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും കെഎംആർഎൽ അറിയിച്ചു.