എറണാകുളം: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാദുരിതം പരിഹരിക്കണമെന്ന ആവശ്യം ശക്തം. കപ്പൽ സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് മുൻപിൽ വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അഡ്‌മിനിസ്‌ട്രേഷന് കീഴിലുള്ള ഏഴ് കപ്പലുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ പഴയത് പോലെ പുനരാരംഭിക്കണം എന്നതാണ് ആവശ്യം. എല്ലാ കപ്പലുകളും സർവീസ് നടത്തിയിരുന്ന സമയത്ത് 2300 പേർക്കുള്ള യാത്രാസൗകര്യം ഉണ്ടായിരുന്നു. നിലവിൽ, 650 പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക. രോഗികളും വിദ്യാർഥികളും ഉൾപ്പെടെ അടിയന്തരമായി ലക്ഷദ്വീപിൽ നിന്നും യാത്ര ചെയ്യേണ്ടവർ പ്രതിസന്ധിയിലാണ്.
'സർവീസ് കുറച്ചത് പ്രഫുൽ പട്ടേൽ'; ആരോപണം ശക്തം: വിവിധ ആവശ്യങ്ങൾക്കായി കൊച്ചിയില്‍ എത്തിയവർ തിരിച്ച് പോവാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. അഞ്ച് കപ്പലുകൾ അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരിക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. സമയബന്ധിതമായി നേരത്തേ കപ്പലുകൾ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, കൊച്ചിൻ ഷിപ്പ് യാർഡിന് അഡ്‌മിനിസ്‌ട്രേഷൻ പണം അനുവദിക്കാത്തതിനെ തുടർന്നാണ് പണികൾ മുടങ്ങിയത്. പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ആയതോടെയാണ് സർവീസ് നടത്തുന്ന കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതെന്ന ആരോപണം ശക്തമാണ്.
ലക്ഷദ്വീപ് നിവാസികളുടെ താത്‌പര്യങ്ങൾക്കെതിരായ നിലപാടുകൾ സ്വീകരിച്ചുവരുന്ന പ്രഫുൽ പട്ടേൽ, കപ്പൽ വിഷയത്തിലും ഇതേ സമീപനമാണ് സ്വീകരിച്ചതെന്ന് എൻ.സി.പി ഉൾപ്പടെയുള്ള സംഘടനകൾ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് യാത്രാകപ്പലുകൾ അറ്റകുറ്റ പണികൾക്കായി കയറ്റിയ കൊച്ചിൻ ഷിപ്പ് യാർഡിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ നേതൃത്വത്തിൽ എൻ.സി.പി സംഘം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച കൊച്ചിയിലെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെള്ളിയാഴ്‌ച എൻ.സി.പി.യുടെ നേതൃത്വത്തില്‍ കൊച്ചി അഡ്‌മിനിസ്‌ട്രേറ്റിവിന് മുന്‍പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.