എറണാകുളം: കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിലെ വീഴ്ച സമ്മതിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. യുവതിക്ക് ക്രൂര പീഡനം ഏറ്റെന്നു മനസിലായത് വാർത്തകൾ വന്നതിന് ശേഷം മാത്രം. അതിനു ശേഷമാണ് കൂടുതൽ പൊലീസുകാരെ വ്യാപിപ്പിച്ച് ശക്തമായ അന്വേഷണമാരംഭിച്ചത്. പരാതി കിട്ടിയ ഉടനെ തന്നെ നിയമപരമായി ചെയ്യേണ്ടതെല്ലാം പൊലീസ് ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്: കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; പ്രതിയെ പിടികൂടിയില്ല
പൊലീസ് നടപടിയിലെ വീഴ്‌ച പരിശോധിക്കും
അതേസമയം പരാതി ലഭിച്ചിട്ടും പൊലീസ് നടപടി എടുക്കാൻ വൈകിയതിനെ കുറിച്ചും ഇത്രയും ഗുരുതരമായ പരാതി ലഭിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും പരിശോധിക്കും. എസിപിക്ക് ആയിരിക്കും അന്വേഷണ ചുമതലയെന്നും കമ്മീഷണർ നാഗരാജു അറിയിച്ചു.
പ്രതി മാർട്ടിനെതിരെ കൂടുതൽ അന്വേഷണം നടത്തും. പ്രാഥമികമായ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കും. പ്രതിക്കെതിരെ ലഭിച്ച രണ്ടാമത്തെ പരാതിയിലും അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു പെൺകുട്ടിയും പ്രതിക്കെതിരെ പീഡിപ്പിച്ചതായുള്ള പരാതി നൽകിയ പശ്ചാത്തലത്തിലാണിത്.
കൂടുതൽ വായനയ്‌ക്ക്: മാർട്ടിൻ ജോസഫിനെതിരെ കൂടുതല്‍ പീഡന പരാതി; രക്ഷപ്പെടുന്ന ദൃശ്യം പുറത്ത്
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിയെ ഭയന്ന് യുവതി പരാതി നൽകാൻ ആദ്യം തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് പ്രതി ഒളിവിൽ പോയത്. കഴിഞ്ഞ എട്ടാം തിയതിവരെ പ്രതി കൊച്ചിയിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് പൊലീസ് പ്രതിരോധം ശക്തമാക്കിയത്. യുവതിയുടെ കയ്യിൽ നിന്നും പ്രതി അഞ്ചു ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ലൈംഗിക അതിക്രമങ്ങൾക്കെതിരെ അന്വേഷണം വ്യാപിപ്പിക്കും
ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും തന്‍റെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും കണ്ണൂർ സ്വദേശിയായ യുവതി മാർട്ടിനെതിരെ പരാതി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്നും പ്രതിയുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ യുവതി വീട്ടിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
കൂടുതൽ പേർ സമാനമായ പരാതികളുമായി രംഗത്ത് വരുന്നുണ്ട്. ഫ്ളാറ്റുകളിലും വീടുകളിലും സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുണ്ടോയെന്നു വിശദമായി പരിശോധിക്കും. ഇത്തരം പരാതികളിൽ കൂടുതൽ ജാഗ്രതയോടെ പൊലീസ് ഇടപെടുമെന്നും കമ്മീഷണർ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് : പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ