എറണാകുളം: കൊച്ചി പുറം കടലിൽ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് എൻസിബി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഇന്ന് രാവിലെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ എൻസിബിക്ക് ഇന്നലെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പ്രതിയെ പിടികൂടിയതിലെ സ്ഥലം സംബന്ധിച്ച അവ്യക്തതയാണ് ഇത്തരമൊരു നിർദേശത്തിന് കാരണമായത്. പ്രതി സുബൈറിനെ പിടികൂടിയത് എവിടെ നിന്നാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും ഇന്ത്യൻ സമുദ്രാതിർത്തിയാണോ എന്നതിൽ വ്യക്തത വേണമെന്നും കോടതി ഇന്നലെ നിർദേശിച്ചിരുന്നു. എന്നാൽ, പ്രതിയുടെ പശ്ചാത്തലം, ലഹരിയുടെ ഉറവിടം, ലക്ഷ്യസ്ഥാനം എന്നിവ കണ്ടെത്തണം. അതിന് പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണം. അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നും എൻസിബി കോടതിയിൽ ആവശ്യപ്പെട്ടു.
'ആറുപേരില്‍ അഞ്ചാളുകള്‍ രക്ഷപ്പെട്ടു': പ്രതിയെ എവിടെ നിന്ന് പിടികൂടി എന്നതിന് ഈ ഘട്ടത്തിൽ പ്രസക്തിയില്ല, കുറ്റപത്രം സമർപ്പിക്കുന്ന വേളയിൽ മാത്രം ഈ വിഷയം പരിഗണിച്ചാൽ മതിയെന്നും എൻസിബി വ്യക്തമാക്കി. ലഹരിയെത്തിച്ച ബോട്ടിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ രക്ഷപ്പെടുകയായിരുന്നു. ലഹരി എത്തിച്ച ബോട്ട് കടലിൽ മുക്കിയെന്നും ബോട്ടിന് മതിയായ രേഖകളില്ലന്നും എൻസിബി അറിയിച്ചു.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ബോട്ട് എത്തിയ വിവരവും പിടികൂടിയ സ്ഥലം സംബന്ധിച്ചും വ്യക്തമായിട്ടില്ല. ഇതിനായി പിടിയിലായ പ്രതിയുടെ പൗരത്വം ഉറപ്പിക്കണം. ആദ്യം പാകിസ്ഥാനിയെന്നും പിന്നെ ഇറാൻ പൗരൻ എന്നുമാണ് പ്രതി പറയുന്നത്. ഈ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം, പ്രതിയുടെ കസ്റ്റഡി അപേക്ഷയിൽ വാദം പൂർത്തിയായി. ഓപ്പറേഷൻ സമുദ്രഗുപ്‌തയുടെ ഭാഗമായി എൻസിബി നേവിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു വൻ മയക്കുമരുന്ന് ശേഖരവുമായി പാകിസ്ഥാൻ പൗരൻ സുബൈറിനെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലീം ഗ്രൂപ്പാണ് വൻതോതിലുള്ള ലഹരിക്കടത്തിന് പിന്നിലെന്നാണ് എൻസിബി വ്യക്തമാക്കിയത്.
രക്ഷപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടി നേവിയുടെ പരിശോധനയും തുടരുകയാണ്.ഇവർ മയക്കുമരുന്നുമായി സഞ്ചരിച്ച ബോട്ട് കടലിൽ മുക്കി രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതോടൊപ്പം കിലോക്കണക്കിന് മയക്കുമരുന്ന് കടലിൽ മുക്കിയെന്നാണ് എൻസിബി സംശയിക്കുന്നത്. ഈ ബോട്ടിലുള്ളവർ മറ്റൊരു ബോട്ടിൽ കയറി ദ്വീപുകളിലേക്ക് രക്ഷപ്പെട്ടുവെന്നാണ് കുതുന്നത്.
വെള്ളം കയറാത്തതും നശിക്കാക്കാത്തതുമായ പാക്കറ്റുകളിലാക്കി കടലിൽ തള്ളിയ മയക്കുമരുന്ന് ഇതേസംഘം വീണ്ടെടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം കാണുന്നുണ്ട്. മയക്കുമരുന്ന് പിടികൂടിയത് പുറംകടലിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പെടുന്ന പ്രദേശമാണെങ്കിൽ മാത്രമേ ഇന്ത്യയിലെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. ഈയൊരു കാര്യമാണ് അഡീഷണൽ സെഷൻസ് കോടതിയും ചൂണ്ടിക്കണിച്ചത്.
നിര്‍ണായകമായത് റൂട്ട് വിവരം കണ്ടെത്തിയത്: എൻസിബിയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു ഇക്കഴിഞ്ഞ 13ാം തിയതി കൊച്ചി പുറംകടലിൽ നടത്തിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്താഫെറ്റമിന്‍ ശേഖരമാണിത്. എൻസിബിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ, ശ്രീലങ്കയുമായും മാലിദ്വീപുമായും പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞത്.
ഇന്ത്യൻ നാവികസേനയുടെ ഇന്‍റലിജൻസ് വിഭാഗവുമായി സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെത്താഫെറ്റമിന്‍ വഹിക്കുന്ന ഒരു 'മദർ ഷിപ്പിന്‍റെ' നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൻ സൂക്ഷ്‌മനിരീക്ഷണം നടത്തിവരികയായിരുന്നു. തുടർച്ചയായ രഹസ്യാന്വേഷണ ശേഖരണത്തിന്‍റേയും വിശകലനത്തിന്‍റേയും ഫലമായി കപ്പൽ നിരോധിതവസ്‌തുക്കൾ വിതരണം ചെയ്യാൻ സാധ്യതയുള്ള ഒരു റൂട്ട് കണ്ടെത്തി.
ഈ റൂട്ടിന്‍റെ വിശദാംശങ്ങൾ ഇന്ത്യൻ നാവികസേനയുമായി പങ്കിടുകയും ഒരു ഇന്ത്യൻ നേവൽ കപ്പൽ സമീപത്ത് വിന്യസിക്കുകയും ചെയ്‌തു. തുടർന്ന് കടലിൽ പോകുന്ന ഒരു വലിയ കപ്പൽ നാവികസേന തടഞ്ഞു. കപ്പലിൽ നിന്ന് 134 ചാക്ക് മെത്താഫെറ്റമിന്‍ കണ്ടെടുത്തു. പിടിച്ച ചാക്കുകൾ, പാകിസ്ഥാൻ പൗരൻ, തടഞ്ഞുനിർത്തിയ ബോട്ട് എന്നിവ കൊച്ചി മട്ടാഞ്ചേരി വാർഫിൽ കൊണ്ടുവന്ന് തുടർനടപടികൾക്കായി എൻസിബിക്ക് കൈമാറുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽ പാതയിലൂടെ ഹെറോയിന്‍റേയും മറ്റ് മയക്കുമരുന്നുകളുടേയും കടൽ വഴിയുള്ള കടത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയാണ് എൻസിബി ഡയറക്‌ടര്‍ ജനറൽ ഷായുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സമുദ്രഗുപ്‌ത് ആരംഭിച്ചത്.
മയക്കുമരുന്ന് കടത്തുന്ന കപ്പലുകൾ തടയുന്നതിന് കാരണമായേക്കാവുന്ന പ്രവർത്തനക്ഷമമായ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്‍റെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഡിആർഐ പോലുള്ള ഏജൻസികളിൽ നിന്ന് വിവരങ്ങൾ കൈമാറുകയും ശേഖരിക്കുകയും ചെയ്‌തു. എടിഎസ് ഗുജറാത്ത് ഇന്ത്യൻ നേവിയുടെ ഇന്‍റലിജൻസ് വിങ്, എൻടിആർഒ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളും സഹകരിച്ചാണ് മയക്കുമരുന്ന് പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.