എറണാകുളം: കൊച്ചി പനമ്പിള്ളിനഗറിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സ്ഥലത്ത് ഗ്രിൽ സ്ഥാപിച്ച് കോർപ്പറേഷൻ. അപകടം ഏറെ ചർച്ച ചെയ്യപ്പെടുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്‌തിരുന്നു. ഇന്നലെ തന്നെ ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു.
അടിയന്തരമായി സംരക്ഷണ വേലി നിർമിക്കുന്നതാണ് ഉചിതമെന്ന് കോർപ്പറേഷനെ അറിയിച്ചിരുന്നു. ഇതോടെയാണ് കോർപ്പറേഷൻ പരിഹാര നടപടി സ്വീകരിച്ചത്. അതേസമയം അപകടം നടന്നതിന് എതിർഭാഗത്തും സമാനമായ രീതിയിൽ തുറന്നിട്ട കാനകളുണ്ട്.
രണ്ടാഴ്‌ചയ്ക്കുള്ളിൽ ഓടകൾ പൂർണമായും മൂടുമെന്നാണ് കോർപ്പറേഷൻ കോടതിയെ അറിയിച്ചത്. മെട്രോ ഇറങ്ങി അമ്മയോടൊപ്പം നടന്നു പോവുകയായിരുന്ന കുട്ടി കലുങ്കിന്‍റെ ഒരു വശത്തായി കെട്ടി ഉയർത്തിയ ഭാഗത്ത് കാൽ തട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്‌ച(17-11-2022) രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.
കാനയിലെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ അമ്മ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. മലിന ജലം ഉള്ളിലെത്തിയതിനാൽ അണുബാധയ്ക്ക് സാധ്യതയുള്ളതിനാലാണ് കുട്ടി നിരീക്ഷണത്തിൽ കഴിയുന്നത് . കുട്ടിയുടെ ചികിത്സാ ചെലവ് കൊച്ചി കോർപ്പറേഷൻ ഏറ്റെടുത്തിരുന്നു.