എറണാകുളം : പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസുകാരി വെന്‍റിലേറ്ററിൽ തുടരുന്നതായി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങൾ ഉണ്ട്. എംആർഐ പരിശോധനയിൽ നട്ടെല്ലിൽ സുഷുമ്‌നാ നാഡിക്ക് മുൻപിൽ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റിന്‍ പറയുന്നു.
24 മണിക്കൂറിനിടെ കുട്ടിക്ക് അപസ്‌മാരം ഉണ്ടായിട്ടില്ല. ശരീരോഷ്‌മാവും ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായി. തലച്ചോറിലെ നീർക്കെട്ട് കുറയാനും അപസ്‌മാരം വരാതിരിക്കാനുമുള്ള മരുന്നുകൾ നൽകിയുള്ള ചികിത്സ തുടരുന്നുവെന്നും പരാമര്‍ശിക്കുന്നു.
Also Read: രണ്ടര വയസുകാരിക്കുണ്ടായ ഗുരുതര പരിക്ക് : അമ്മയ്‌ക്കെതിരെ കേസ്
ഞായറാഴ്‌ച രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന് രണ്ടര വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്നുനടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പൊട്ടൽ ഉള്ളതായും കണ്ടത്തി.
ഇതേതുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ മുറിവുകൾ ഉണ്ടായിരുന്നു. കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചതിന് തൃക്കാക്കര പൊലീസ് അമ്മയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി.