എറണാകുളം: കൊച്ചി ബ്യൂട്ടി പാർലർ വെടിവപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറി. ബ്യൂട്ടി പാർലറിൽ വെടിവപ്പ് നടത്തിയത് രവി പൂജാരിയുടെ ക്വട്ടേഷൻ പ്രകാരമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു വർഷം മുമ്പാണ് ലീനാ മരിയ പോളിന്‍റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിനു നേരെ വെടിവപ്പുണ്ടായത്. 25 കോടി ആവശ്യപ്പെട്ട് വെടിവപ്പിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ അധോലോക കുറ്റവാളി രവി പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി നടി ലീന മരിയ പോൾ മൊഴി നൽകിയിരുന്നു.
റെക്കോഡ് ചെയ്‌ത ഫോൺ സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും കേസില്‍ രവി പൂജാരിയുടെ ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിക്കുകയായിരുന്നു. കൊച്ചി നഗര മധ്യത്തിലുള്ള ബ്യൂട്ടി പാർലറിൽ പട്ടാപകൽ സമയത്ത് ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേർ വെടിയുതിർത്ത് കടന്നുകളയുകയായിരുന്നു. ആർക്കും പരിക്കേൽക്കുകയോ നാശനഷ്‌ടങ്ങൾ സംഭവിക്കുകയോ ചെയ്‌തിരുന്നില്ല.
വെടിവപ്പ് നടത്തിയ ബിലാൽ, വിപിൻ എന്നിവരെ ക്രൈംബ്രാഞ്ച് പിന്നീട് പിടികൂടുകയും ഇവരിൽ നിന്നും വെടിവപ്പിന് ഉപയോഗിച്ച തോക്കും കണ്ടെത്തിയിരുന്നു. ഭീഷണിപെടുത്തി പണം തട്ടുന്നതിന് വേണ്ടി ആസൂത്രണം ചെയ്‌ത ആക്രമണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ക്രൈംബ്രാഞ്ചിന്‍റെ കൊച്ചി ഘടകമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. രവി പൂജാരി ഉൾപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണവും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടക്കും.