എറണാകുളം: കൊച്ചിയിൽ എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനെ കുത്തി പരിക്കേൽപ്പിച്ച വാഹന മോഷ്‌ടാവ് വിഷ്‌ണു, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം വിഷ്‌ണു കാക്കനാട് ജില്ലാ ജയിലിൽ ഒരേ സെല്ലിൽ കഴിഞ്ഞിരുന്നു. വിഷ്‌ണു വഴിയായിരുന്നു ദിലീപിന് നൽകാനായി പൾസർ സുനി കത്ത് നൽകിയത്.
വിഷ്‌ണുവിനെ വിചാരണ കോടതിയിലേക്ക് കൊണ്ടുപോകുമ്പാഴായിരുന്നു കത്ത് കൊടുത്തയച്ചത്. ദീലീപിനെ ഏൽപ്പിക്കാൻ ഈ കത്ത് കോടതിയിൽ വെച്ച് മറ്റൊരാൾക്ക് വിഷ്‌ണു കൈമാറിയെന്നും പിന്നീട് കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർത്ത വിഷ്‌ണുവിനെ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കുകയായിരുന്നു.
ALSO Chengalpattu Encounter: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു
കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഇരുപതിലധികം കേസുകളാണുള്ളത്. ഈ കേസുകളിൽ ശിക്ഷയനുഭവിക്കവെയാണ് 2017 ൽ ഇയാൾ കാക്കനാട് സബ്ബ് ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരനായത്. കളമശ്ശേരിയിൽ നിന്നും കവർന്ന ബൈക്ക് പിടികൂടുന്നതിനിടെയായിരുന്നു ഇടപ്പള്ളിയിൽ വെച്ച് വിഷ്‌ണു പൊലീസിനെ ആക്രമിച്ചത്.
വാഹന പരിശോധനയ്ക്കിടെയാണ് മോഷ്‌ടിച്ച ബൈക്കുമായി വിഷ്‌ണുവിനെ പൊലീസ് പിടികൂടിയത്. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച് രക്ഷപെടാൻ ശ്രമിച്ചത്. എന്നാൽ പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ പിടികൂടിയിരുന്നു.