കൊച്ചി: നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തു. നിപയെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ അറിയിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം കൂടും.
നിപ ബാധിച്ചെന്ന് സംശയിക്കുന്ന യുവാവുമായി നേരിട്ട് ബന്ധപ്പെട്ട മുഴുവൻ പേരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം കോഴിക്കോട് നിപ വൈറസ് ബാധിച്ചപ്പോള്‍ അന്ന് ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലെത്താൻ നിർദേശം നൽകിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കൊച്ചിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ആരംഭിക്കുമെന്നും ജനങ്ങളുടെ സംശയനിവാരണത്തിന് അവസരമൊരുക്കുമെന്നും യോഗത്തിൽ തീരുമാനമായി. കൊച്ചിയില്‍ രോഗബാധ സംശയിക്കുന്ന യുവാവ് സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും. അതേസമയം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേറ്റഡ് വാർഡിലേക്ക് മാറ്റും. നിപയെന്ന് സംശയിക്കുന്ന യുവാവ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.