കൊച്ചി: വ്യാജരേഖ കേസിനെ ചൊല്ലി സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷം. കേസിൽ അറസ്റ്റിലായ ആദിത്യയെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനല്ലെന്നും സിബിഐ - ജുഡീഷ്യൽ അന്വേഷണം മുഖേന സത്യം പുറത്ത് കൊണ്ടുവരണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെതിരെ നിലപാട് സ്വീകരിച്ച വൈദികരെ വ്യാജരേഖ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിരൂപത വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ, സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ ആരോപിച്ചു. പൊലീസ് തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്. അതിരൂപതയിലെ വൈദികരെ കരുതിക്കൂട്ടി പ്രതികളാക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് വൈദിക സമിതി ഭാരവാഹികൾ പറഞ്ഞു.
ആദിത്യനെ പൊലീസ് ക്രൂരമായി മർദിച്ച് ഫാദർ പോൾ തേലക്കാട്ടിനെതിരെയും ഫാദർ ടോണി കല്ലൂക്കാരനെതിരെയും മൊഴി നൽകുകയായിരുന്നുവെന്ന് ആദിത്യന്‍റെ പിതാവ് സക്കറിയ പറഞ്ഞു.