കൊച്ചി: കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. കുഞ്ഞിന്‍റെ ആരോഗ്യനില രണ്ടുദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്ന് ആശുപത്രി അധികൃതർ. ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിന് ഒരു ദ്വാരം ഉള്ളതായും പരിശോധനക്ക് ശേഷം ഡോക്ടന്മാർ അറിയിച്ചു. രക്തത്തിൽ ഓക്സിജന്‍റെ അളവ് കുറയുന്നു. അതിനാൽ മരുന്നുകൾ നൽകിവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കൊച്ചിയിലേക്ക് രണ്ടുമണിക്കൂർ കൊണ്ടാണ് നവജാത ശിശുവിനെ എത്തിച്ചത്. കുഞ്ഞിന്‍റെ ബന്ധു ഫേസ ബുക്കിലൂടെ സഹായം അഭ്യർഥിച്ചതറിഞ്ഞ് മന്ത്രി കെകെ ശൈലജ നേരിട്ട് ഇടപെട്ടാണ് കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയത്.
രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായം അഭ്യര്‍ത്ഥിച്ചത്. സഹോദരിയുടെ കുഞ്ഞിന്‍റെ ഹൃദയ വാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്‍റ്. കമന്‍റ് ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാൻ നിർദേശം നൽകുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തു. ഇതേ തുടർന്ന് കുട്ടിയെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.