എറണാകുളം: പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയച്ചു. താര സംഘടനയായ അമ്മ, സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്ക എന്നീ സംഘടനകൾക്കാണ് കത്തയച്ചത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം എത്രയും വേഗം സംഘടനക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും നിര്‍മാതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിലാണ് മലയാള സിനിമയുടെ നിർമാണ ചെലവ് പകുതിയായി കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് നിർമാതാക്കൾക്കുള്ളത്.
എത്ര ശതമാനം പ്രതിഫലം കുറയ്ക്കണമെന്ന കാര്യത്തിൽ ചർച്ചയിലൂടെ തീരുമാനത്തിൽ എത്തുകയാണ് നിർമാതാക്കളുടെ ലക്ഷ്യം. താരങ്ങൾ നിർമാതാക്കളാകുന്ന സാഹചര്യത്തില്‍ തങ്ങളുടെ തീരുമാനം അവഗണിക്കാൻ താരങ്ങൾക്ക് ആവില്ലെന്നാണ് നിർമാതാക്കൾ കരുതുന്നത്.