കൊച്ചി: രാജ്യത്തെ ലഹരി തലസ്ഥാനം എന്ന കുപ്രസിദ്ധി പഞ്ചാബില്‍ നിന്ന് കേരളം നേടിയെടുക്കുകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തിന്‍റെ രണ്ട് പ്രധാന വരുമാന സ്രോതസുകള്‍ ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമാണെന്നത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംഘടനകള്‍ മദ്യത്തിനെതിരെ പ്രചരണം സംഘടിപ്പിക്കുമ്പോള്‍ കേരളം അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും സര്‍വകലാശാല നിയമനങ്ങളില്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും എല്‍ഡിഎഫ് മന്ത്രിസഭയുമായി കൊമ്പ് കോര്‍ക്കുന്ന ഗവര്‍ണര്‍ ആരോപിച്ചു.
"നമ്മുടെ വികസനത്തിനായി ലോട്ടറിയും മദ്യവും മതിയെന്ന് ഇവിടെ നമ്മള്‍ തീരുമാനിച്ചിരിക്കുകയാണ്. 100 ശതമാനം സാക്ഷരതയുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം എന്ത് മാത്രം നാണക്കേടാണ് ഇത്. സംസ്ഥാന സര്‍ക്കാറിന്‍റെ തലവനെന്ന നിലയില്‍ കേരളത്തിന്‍റെ പ്രധാന വരുമാന സ്രോതസുകള്‍ ലോട്ടറിയും മദ്യവും ആണെന്നുള്ളതില്‍ എനിക്ക് നാണക്കേട് തോന്നുന്നു. എന്താണ് ലോട്ടറി? ഇവിടെ ഇരിക്കുന്ന ആരെങ്കിലും ലോട്ടറി എടുക്കാറുണ്ടോ? പാവപ്പെട്ട ആളുകള്‍ മാത്രമെ ലോട്ടറി എടുക്കാറുള്ളൂ. നിങ്ങള്‍ അവരെ കൊള്ളയടിക്കുകയാണ്. നിങ്ങള്‍ ആളുകളെ മദ്യത്തിന് അടിമകളാക്കുകയാണ്", കൊച്ചിയില്‍ ഒരു പുസ്‌തക പ്രകാശന ചടങ്ങിനിടെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലും സമാന വിമര്‍ശനം ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും വിഷയത്തില്‍ കൊമ്പുകോര്‍ത്തിരുന്നു. സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയവും ശനിയാഴ്‌ച ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിന്‍റെ ഉത്തരവാദിത്തം ഗവര്‍ണര്‍ക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നായിരുന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. വിഷയത്തില്‍ സര്‍ക്കാറിന് ഒരു പങ്കുമില്ലെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമം കൊണ്ടുവരികയാണെങ്കില്‍ അത് യുജിസി ചട്ടങ്ങള്‍ക്കനുസൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.