എറണാകുളം: കിഫ്‌ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ബുധനാഴ്‌ച വരെ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇ ഡി നോട്ടിസ് അയച്ചതിനെതിരെ തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജി വീണ്ടും ബുധനാഴ്‌ച (ഓഗസ്റ്റ് 17ന്) പരിഗണിക്കും.
അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ഐസക്കിന്‍റെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടതിനെ കുറിച്ച് ഇ ഡിയോട് ആരാഞ്ഞ കോടതി തോമസ് ഐസക്കിന്‍റെ സ്വകാര്യത മാനിക്കണമെന്നും വിവരങ്ങള്‍ തേടുന്നതില്‍ തെറ്റില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇ ഡി തന്നെ കുറ്റാരോപിതനായാണ് കാണുന്നത്, ഫെമ നിയമ ലംഘനമെന്തെന്ന് ഇ ഡി വ്യക്തമാക്കുന്നില്ലെന്നും തോമസ് ഐസക് വാദിച്ചു. തന്‍റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്നും ഐസക് കോടതിയെ അറിയിച്ചു.
അതേസമയം പ്രതിയായിട്ടല്ല വിളിപ്പിച്ചതെന്നും അദ്ദേഹം സാക്ഷിയാണെന്നും വിവരങ്ങള്‍ അറിയാനാണ് വിളിപ്പിച്ചതെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു. എന്നാല്‍ കിഫ്ബിയിലെ ഇ ഡി അന്വേഷണത്തിനെതിരായ എംഎൽഎമാരുടെ പൊതു താൽപര്യ ഹർജി നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്‍റേതാണ് നിരീക്ഷണം. ഹർജി ഫയലിൽ സ്വീകരിച്ചില്ല.
കിഫ്ബി മുൻ ഭാരവാഹികൾക്കെതിരായ അന്വേഷണത്തെ തടസപ്പെടുത്തുകയാണ് ഹർജിക്കാരുടെ ലക്ഷ്യമെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും ഇ ഡി അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.
Also Read ഇ ഡി ബിജെപിയുടെ രാഷ്‌ട്രീയ ചട്ടുകം, ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്