എറണാകുളം: സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പകൾ നിഷേധിക്കരുതെന്ന ഉത്തരവിന് താത്‌കാലിക സ്റ്റേ. സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് സ്റ്റേ ചെയ്‌തത്. എസ്‌ബിഐ നൽകിയ അപ്പീലിലാണ് കോടതി നടപടി.
വിദ്യഭ്യാസ വായ്‌പകൾക്കുള്ള അപേക്ഷകൾ മനുഷ്യത്വപരമായി പരിഗണിക്കണമെന്നും സിബിൽ സ്‌കോർ കുറവാണെന്നതിന്‍റെ പേരിൽ വിദ്യഭ്യാസ വായ്‌പകൾ നിഷേധിക്കരുതെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. കേന്ദ്ര നിയമ പ്രകാരമാണ് സിബിൽ സ്കോർ അടക്കം നിശ്ചയിക്കുന്നത്. മാത്രമല്ല സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ മുഴുവൻ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ബിഐയുടെ അപ്പീൽ. കൂടാതെ ഹർജിക്കാരന് വിദേശത്ത് ജോലി കിട്ടി എന്നത് തെളിയിക്കാൻ തക്ക രേഖകൾ ഇല്ലെന്നും അപ്പീലിൽ വാദമുണ്ട്.
ബാങ്കുകൾക്ക് സാങ്കേതികപരമായി കാര്യങ്ങളെ പരിഗണിക്കാമായിരിക്കും പക്ഷേ കോടതിയ്ക്ക് അടിസ്ഥാനപരമായ യാഥാർഥ്യം അവഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിൾ ബെഞ്ച് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍റെ ഇടക്കാല ഉത്തരവ്. വിദ്യാർഥികൾ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു. ഹർജിക്കാരന് 4,07,200 രൂപ വായ്‌പ അനുവദിക്കാനും സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവിനാണ് ഡിവിഷൻ ബെഞ്ചിന്‍റെ താത്‌കാലിക സ്റ്റേ.
വിദ്യാർഥിയുടെ ഹർജയിൽ പറയുന്നത്: കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിയായ ബിടെക് വിദ്യാര്‍ഥി നോയല്‍ പോള്‍ ഫ്രെഡി പിതാവിന്‍റെ സിബിൽ സ്കോർ കുറവായതിന്‍റെ പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതിൽ ഹൈക്കോടതിയെ സമീപിച്ചത്. അവസാന വര്‍ഷത്തെ ഫീസ് അടക്കാനായാണ് നോയല്‍ പോള്‍ ഫ്രെഡി വിദ്യാഭ്യാസ വായ്‌പയ്‌ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയത്. പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് നല്‍കിയാല്‍ മാത്രമെ വീസ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നും ഹര്‍ജിയില്‍ വിദ്യാര്‍ഥി വ്യക്തമാക്കിയിരുന്നു.
ALSO READ : സിബിൽ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്‌പകള്‍ നിഷേധിക്കാനാകില്ല: ഹൈക്കോടതി
സർവകലാശാലയിൽ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അവസാന വര്‍ഷ ഫീയും നല്‍കണം. പരാതിക്കാരനായ വിദ്യാർഥിയുടെ പിതാവിന്‍റെ പേരിലുണ്ടായിരുന്ന രണ്ട് വായ്‌പകളിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നിൽ 16,667 രൂപ കുടിശിക ഉണ്ടായതിനെ തുടർന്നുമാണ് ബാങ്ക് വിദ്യാഭ്യാസ വായപ നിഷേധിച്ചതെന്ന് ഹർജിയിൽ പറയുന്നു. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിയുടെ വായ്‌പയ്‌ക്കായുള്ള അപേക്ഷ ബാങ്ക് നിരസിക്കുകയായിരുന്നു.
ഹര്‍ജിക്കാരനായ വിദ്യാര്‍ഥിക്ക് വിദേശത്ത് ജോലി ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാൽ ഇത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ വിദ്യാർഥിയുടെ പക്കലില്ലെന്നും ബാങ്ക് സമർപ്പിച്ച അപ്പീലിൽ വ്യക്‌തമാക്കുന്നു.