എറണാകുളം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് കട്ട് ഓഫ് തീയതിയുടെ സാങ്കേതികത പറഞ്ഞ് അർഹമായ സഹായം നിരസിക്കരുതെന്ന് ഹൈക്കോടതി. എൻഡോസൾഫാൻ ഇരയായ മകളുടെ ചികിത്സയ്ക്കായി എടുത്ത ബാങ്ക് വായ്‌പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കാസർകോട്ടെ കുടുംബം നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് വിജി അരുണിന്‍റെ നിരീക്ഷണം.
ദുരിതബാധിതരുടെ നിരന്തര ആവശ്യത്തെ തുടർന്ന് 3 ലക്ഷം രൂപയുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. 2011 ജൂൺ 30നുള്ളിൽ വായ്‌പ എടുത്തവർക്കായിരുന്നു ആനുകൂല്യം. 2011 മുൻപ് വരെയുള്ള ഹർജിക്കാരുടെ ബാങ്ക് ലോൺ വായ്പ്പയുടെ നിശ്ചിത തുക എഴുതിത്തള്ളിയിരുന്നെങ്കിലും കട്ട് ഓഫ് തീയതിയുടെ സാങ്കേതികത പറഞ്ഞ് ബാക്കി തുക ബാധ്യതയായി നിലനിർത്തിയത് ചോദ്യം ചെയ്‌തായിരുന്നു ഹർജി.
തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്കുകൾ തുടർനടപടി നോട്ടീസുകൾ അയച്ചതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ബാങ്കുകളിലായുള്ള കുടുംബത്തിന്‍റെ കടങ്ങൾ എഴുതിത്തള്ളാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരടക്കമുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചു.