എറണാകുളം : വാക്‌സിൻ ചലഞ്ചിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിച്ചെന്ന് കാണിച്ച് കെഎസ്‌ഇബി റിട്ടേര്‍ഡ് ജീവനക്കാരായ ഇ.ജി രാജനും എം. കേശവന്‍ നായരും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആളുകള്‍ സ്വമേധയാ പണം നല്‍കുകയാണ്. നിയമത്തിന്‍റെ പിന്‍ബലമില്ലാതെ തുക നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുത്.
ഹർജിക്കാരിൽ നിന്ന് പിടിച്ച തുക രണ്ടാഴ്‌ചയ്‌ക്കം തിരിച്ച് നൽകണം. രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരത്തിൽ തുക പിടിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും സിംഗിള്‍ ബഞ്ച് നിർദേശിച്ചു.
Also Read: ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്ന് ഹൈക്കോടതി
ഒരു ദിവസത്തെ പെന്‍ഷന്‍ തുക വാക്‌സിന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് വ്യക്തമാക്കി കെഎസ്‌ഇബി മെയ് 14നാണ് ഉത്തരവിറക്കിയത്.
തങ്ങളുടെ അനുമതിയില്ലാതെയാണ് തുക പിടിച്ചതെന്നും കെഎസ്‌ഇബി ജീവനക്കാരും പെന്‍ഷന്‍കാരും തുക നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പെന്‍ഷന്‍കാരുടെ അസോസിയേഷനുമായി കൂടിയാലോചിച്ചാണ് ഉത്തരവിറക്കിയതെന്നും തുക നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഉടന്‍ തിരിച്ച് നല്‍കാമെന്നും കെഎസ്‌ഇബി അറിയിച്ചു.