എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ച്ചയ്‌ക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ശമ്പളം എല്ലാ മാസവും 10ന് മുമ്പ് നൽകണമെന്ന ഇടക്കാല ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. അതേസമയം ബുധനാഴ്ച്ചയ്ക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യാമെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകൻ ദീപു തങ്കൻ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
വരുന്ന ബുധനാഴ്ച്ചയ്ക്ക് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ജസ്‌റ്റിസ് സതീഷ് നൈനാനാണ് കർശന നിര്‍ദേശിച്ചത്. ശമ്പളം നൽകാൻ സാധിച്ചില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടണമെന്നും കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. 26 ലക്ഷം പേർ ദിനംപ്രതി യാത്രയ്ക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നും സ്ഥാപനം അടച്ചുപൂട്ടിയാൽ യാത്രക്കാരെ ബാധിക്കുമെന്നും ഇതിനോടുള്ള മാനേജ്മെന്‍റ് വാദത്തെയും കോടതി പരിഹാസ രൂപേണയാണ് മറുപടി നൽകിയത്. സ്ഥാപനം പൂട്ടുകയാണെങ്കിൽ യാത്രക്കാർ വേറെ വഴി കണ്ടെത്തിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി.
വരുമാന വർധനവിനായുള്ള മാനേജ്മെന്‍റിന്‍റെ പരിഷ്‌കാരങ്ങളിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകാൻ സാഹചര്യമില്ലെന്നും വരുമാനത്തിനനുസരിച്ച് മാത്രമെ ശമ്പളം നൽകാനാകൂവെന്നാണ് അധിക സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി കോടതിയെ അറിയിച്ചത്. അതേസമയം ഹർജി ഹൈക്കോടതി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.