കൊച്ചി: തീർഥാടന ടൂറിസം പാക്കേജ് പ്രയോജനപ്പെടുത്തുന്ന ഭക്തർക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നത് "ഏകപക്ഷീയവും നിയമവിരുദ്ധവുമായ" നടപടിയെന്ന് കെഎസ്‌ആർടിസിക്ക് കേരള ഹൈക്കോടതി വിമര്‍ശനം. നാലമ്പല ദർശനത്തിനായി കെഎസ്‌ആർടിസിയുടെ തീർഥാടന ടൂറിസം പാക്കേജ് പ്രയോജനപ്പെടുത്തി എത്തുന്ന ഭക്തരെ പ്രത്യേക ക്യൂവില്‍ നിര്‍ത്തുന്നത് തുടരാൻ അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു. അതേസമയം ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള മറ്റ് വിഭാഗങ്ങൾ എന്നിവര്‍ ഒഴികെയുള്ളവരുടെ കാര്യത്തിലാണ് മാറ്റം വരുത്തേണ്ടതെന്നും ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത്കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തൃപ്രയാർ ശ്രീരാമസ്വാമി, ശ്രീ കൂടൽമാണിക്യം, തിരുമൂഴിക്കുളം ശ്രീലക്ഷ്‌മണൻ, പായമ്മൽ ശ്രീ ശത്രുഘ്‌നൻ എന്നീ ക്ഷേത്രങ്ങളിലേക്കുള്ള നാലമ്പല ദർശനത്തിന് കെഎസ്‌ആർടിസിയുടെ തീര്‍ഥാടന പാക്കേജിലെത്തുന്നവരെ ക്യൂവില്‍ നിര്‍ത്താതെ ദര്‍ശനത്തിന് അനുവദിക്കണമെന്ന ഹർജിയിലാണ് ബെഞ്ചിന്‍റെ നിർദേശം. ജൂലായ് 31 ന് താനും കുടുംബവും ദർശനത്തിന് ചെന്നപ്പോള്‍ ടൂർ പാക്കേജ് ലഭിച്ചവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിന് സാക്ഷിയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ദര്‍ശനം ലഭിക്കാന്‍ കാലത്ത് ആറ് മണി മുതല്‍ ഉച്ചവരെ ക്യൂ നിൽക്കേണ്ടിവന്നു എന്നും നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തിയ ശേഷം ഓഗസ്‌റ്റ് ഒന്നിന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കോട്ടയത്തെ വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞുള്ളു എന്നാണ് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ അറിയിച്ചത്.
അതേസമയം, ജൂണ്‍ നാലിന് ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ദേവസ്വം ഹാളില്‍ വിളിച്ചുചേര്‍ത്ത കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തില്‍ പാക്കേജിന് കീഴില്‍ നാലമ്പല ദര്‍ശനത്തിന് എത്തുന്നവര്‍ക്കായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, സേവനങ്ങൾ നൽകുന്നതിനും നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ഇതിനു മറുപടിയായി കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു. മാത്രമല്ല, നാലമ്പല ദർശനത്തിന് കെഎസ്‌ആർടിസിയുടെ പാക്കേജ് പ്രയോജനപ്പെടുത്തുന്ന ഭക്തർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്താൻ തീരുമാനമെടുത്തതായി യോഗത്തിന്‍റെ മിനുട്‌സുകളില്‍ ഇല്ലെന്നും കെഎസ്‌ആര്‍ടിസി കോടതിയില്‍ അറിയിച്ചു.
എന്നാല്‍, തീർഥാടന ടൂറിസം പാക്കേജ് വഴി നാലമ്പല ദർശനം നടത്തുന്ന ഭക്തർക്ക് ക്യൂ സമ്പ്രദായം ഇല്ലാതെ ദര്‍ശനവും വഴിപാടും നടത്താമെന്ന് കെഎസ്‌ആർടിസിയുടെ മാവേലിക്കര ഡിപ്പോയിൽ നിന്ന് പുറപ്പെടുവിച്ച ബ്രോഷറിലുണ്ടെന്ന് കോടതി പറഞ്ഞു. കേസിലുള്ള കൂടുതല്‍ വാദങ്ങള്‍ ഹൈക്കോടതി ഓഗസ്‌റ്റ് 17 ബുധനാഴ്‌ച കേള്‍ക്കും.