എറണാകുളം: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി (Kerala HC Held a Special Sitting to Tackle Sabarimala Crowd Issue). ക്രിസ്‌മസ് അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിൽ ആവശ്യമെങ്കിൽ പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും, അയ്യപ്പന്മാർക്ക് വേണ്ട സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കാനും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് (Devaswom Bench of Kerala High Court) നിർദേശിച്ചു.
അനിയന്ത്രിത തിരക്ക് മൂലം ശബരിമല ദർശനത്തിനെത്തിയ ഭക്തർ പാലാ, വൈക്കം, പൊൻകുന്നം എന്നിവിടങ്ങളിൽ കുടുങ്ങിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കുട്ടികളടക്കമുള്ള ഭക്തർ റോഡിൽ 12 മണിക്കൂറിലേറെ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ, ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ സ്വമേധയായെടുത്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തിയത്.
വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു. ഇടത്താവളങ്ങളിൽ വെള്ളവും ലഘുഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ബെഞ്ച് നിർദേശിച്ചതായി ഹൈക്കോടതി വൃത്തങ്ങൾ പറഞ്ഞു. വെർച്ച്വൽ ക്യൂ ബുക്കിങ്, സ്പോട്ട് ബുക്കിങ് എന്നിവ ഇല്ലാത്തവരെ കയറ്റി വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
Also Read: മണ്ഡലപൂജ; ശബരിമലയിലെ പൂജാസമയക്രമത്തിൽ മാറ്റം, ഭക്തര്‍ക്ക് സൗജന്യ വൈഫൈ
കുത്തിയിരിപ്പ് പ്രതിഷേധം: ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വൈക്കം ഇടത്താവളത്തില്‍ പൊലീസ് തടഞ്ഞതോടെ അയ്യപ്പ ഭക്തര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. (Over Crowd In Sabarimala). ഇന്ന് (ഡിസംബര്‍ 25) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടത്. ഇതോടെ റോഡില്‍ കുത്തിയിരുന്ന് ഭക്തര്‍ ശരണം വിളിച്ചു. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ കടത്തിവിടാതെയായിരുന്നു ഭക്തരുടെ പ്രതിഷേധം.
വൈക്കം ക്ഷേത്രത്തോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ പൊലീസ് തടഞ്ഞത് (Sabarimala Devotees' Protest In Vaikom). പുലര്‍ച്ചെ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശബരിമലയിലേക്ക് യാത്ര തിരിക്കാനിരുന്ന കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഭക്തരാണ് വലഞ്ഞത്. വാഹനങ്ങൾ കടത്തി വിട്ടില്ലെങ്കിൽ അയ്യപ്പ ദർശനം നടത്താതെയും നെയ്യഭിഷേകം സാധ്യമാകാതെയും മടങ്ങേണ്ടി വരുമെന്ന് ഭക്തര്‍ പറഞ്ഞു (Sabarimala Devotees' Protest).
ശബരിമലയിലെ തിരക്കും വാഹന പാര്‍ക്കിങ് ക്രമീകരണവും കണക്കിലെടുത്താണ് ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭക്തര്‍ പ്രതിഷേധം കടുപ്പിച്ചതോടെ ഏതാനും വാഹനങ്ങള്‍ പൊലീസ് കടത്തിവിട്ടെങ്കിലും ബാക്കിയുള്ളവ ഇപ്പോഴും തടഞ്ഞിട്ടിരിക്കുകയാണ്. വൈക്കത്തിന് പുറമെ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലും നിലവില്‍ നിയന്ത്രണം തുടരുകയാണ്.
നാളെ കൂടുതല്‍ നിയന്ത്രണം: നാളെ (ഡിസംബർ 26) തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൂജ സമയക്രമത്തിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ ഭക്തരെ നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നാളെ ഉച്ചപൂജയ്‌ക്ക് ശേഷം വൈകീട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. അതിനാൽ നാളെ രാവിലെ 11 മണിക്ക് മുൻപായി നിലയ്‌ക്കൽ എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളെ മാത്രമേ പമ്പയിലേക്ക് കടത്തിവിടൂ (Thanga Anki Procession Traffic control tomorrow).
Also Read: പമ്പയിലേക്ക് വാഹനങ്ങള്‍ വിടുന്നില്ല; എരുമേലിയിൽ റോഡ് ഉപരോധിച്ച് തീർത്ഥാടകർ
11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്ന് മണിക്കൂർ എങ്കിലും നിലയ്‌ക്കലില്‍ തന്നെ തുടരേണ്ടി വരും എന്ന് പൊലീസ് വ്യക്തമാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സാധാരണ ഉച്ചപൂജയ്‌ക്ക് ശേഷം മൂന്നുമണിക്കാണ് ശബരിമല നട തുറക്കാറ്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നത് വൈകി ആക്കിയ സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് നിലയ്‌ക്കലില്‍ ഏർപ്പെടുത്തുന്ന ക്രമീകരണം.