കൊച്ചി : എറണാകുളത്തെ ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിങ് മാള്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് കേരള ഹൈക്കോടതി. എന്നാല്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലുലുമാളിന് അവകാശമില്ലെന്ന് അന്തിമവിധി വരികയാണെങ്കില്‍ പണം ഉപഭോക്താക്കള്‍ക്ക് തിരികെ കൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് ലുലു മാളിന് ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന്‍റെ ബഞ്ച് നല്‍കി. ലുലു മാള്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരെ രണ്ട് ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. സിനിമ സംവിധായകന്‍ പോളി വടക്കനും അഡ്വക്കേറ്റ് ബോസ്കോ ലൂയിസുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
പാര്‍ക്കിങ് ഫീസ് പിരിക്കുന്നതില്‍ നിന്ന് ലുലുമാളിനെ വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍റെ ബഞ്ചിനോട് ആവശ്യപ്പെട്ടത് അഡ്വക്കേറ്റ് ബോസ്കോ ലൂയിസാണ്. 2014 മുതല്‍ എറണാകുളത്തെ ലുലു മാള്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് മാളിന് അനുമതിയുണ്ടെങ്കില്‍ അതിന്‍റെ രേഖ ലുലു ഗ്രൂപ്പ് കോടതിയില്‍ ഹാജരാക്കണം. ലുലുമാളിന്‍റെ നടപടി നിര്‍ത്തപ്പെട്ടില്ലെങ്കില്‍ കേരളത്തിലെ മറ്റ് മാളുകള്‍ ഇതേ സമീപനം സ്വീകരിക്കുമെന്നും അഡ്വക്കേറ്റ് ബോസ്കോ ലൂയിസ് പറഞ്ഞു.
ALSO READ: അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്നു ; ലുലു മാളിനും സർക്കാരിനും ഹൈക്കോടതിയുടെ നോട്ടിസ്
ഏപ്രില്‍ നാലിനുള്ളില്‍ വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. മാളുകള്‍ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അധികാരമില്ലെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. സൗജന്യമായി പാര്‍ക്കിങ് ഉറപ്പാക്കേണ്ടത് മാള്‍ മാനേജ്‌മെന്‍റിന്‍റെ ബാധ്യതയാണെന്ന് പോളി വടക്കന്‍ ഹര്‍ജിയില്‍ പറഞ്ഞു.
ലുലു മാള്‍ സന്ദര്‍ശിച്ചപ്പോള്‍ തന്‍റെ പക്കല്‍നിന്ന് 20 രൂപ പാര്‍ക്കിങ് ഫീസ് ഈടാക്കിയത് ചൂണ്ടിക്കാട്ടിയാണ് പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാര്‍ക്കിങ് ഫീസ് നല്‍കാന്‍ വിസമ്മതിച്ചപോള്‍ എക്‌സിറ്റ് ഗേറ്റ് അടച്ചുകൊണ്ട് മാള്‍ അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പോളി വടക്കന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.