എറണാകുളം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി അർഷോയുടെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അർഷോയ്‌ക്ക് ജാമ്യം നൽകരുതെന്ന് കേസിലെ പരാതിക്കാരൻ കോടതിയെ അറിയിച്ചു. രാഷ്‌ട്രീയ സ്വാധീനമുള്ള വ്യക്തിയാണ് പ്രതി, കമ്മിഷണർ ഉത്തരവിട്ടിട്ട് പോലും അർഷോയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് പ്രതി നിയമത്തെ വെല്ലുവിളിച്ചുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
ആക്രമണത്തിനിരയായ വ്യക്തിയുമായി പ്രോസിക്യൂഷൻ സഹകരിക്കുന്നില്ലെന്നും പരാതിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി അർഷോയ്‌ക്ക് പരീക്ഷ എഴുതാനായി ഇന്ന് (05.08.2022) വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 2018ൽ വിദ്യാർഥിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദേശ പ്രകാരം ഇക്കഴിഞ്ഞ ജൂണിൽ അർഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തത്.
അർഷോയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയ വേളയിൽ കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തതുമായി ബന്ധപ്പെട്ട് പൊലീസിനെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. മറ്റൊരു കേസില്‍ അര്‍ഷോയ്‌ക്ക് അനുകൂലമായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ഷോ നല്‍കിയ ഹര്‍ജിയില്‍ ക്രിമിനല്‍ കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന തെറ്റായ റിപ്പോര്‍ട്ട് പൊലീസ് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം.
Also read: വധശ്രമക്കേസ്: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം അർഷോയുടെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ