എറണാകുളം : വൈസ് ചാൻസലർമാരുടെ ഹർജികളിന്മേൽ തീർപ്പുണ്ടാകും വരെ കാരണം കാണിക്കൽ നോട്ടിസിൽ ഗവർണർ അന്തിമ തീരുമാനം എടുക്കരുതെന്ന് ഹൈക്കോടതി. തുടര്‍ന്ന് എതിർ സത്യവാങ്‌മൂലം സമർപ്പിക്കാൻ ഗവർണർ സാവകാശം തേടി. ഹർജികളിന്മേൽ വാദം കേൾക്കവെ നേരിട്ട് ഹാജരായി വിശദീകരണം നൽകുവാൻ താൽപ്പര്യമില്ലെന്ന് വിസിമാരിലൊരാൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് മറുപടി നൽകണമോ വേണ്ടയോ എന്ന് വിസിമാർക്ക് തീരുമാനിക്കാമെന്നും തല്‍സ്ഥാനത്ത് തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ അനുസരിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് സ്വരത്തിൽ വ്യക്തമാക്കി. നോട്ടിസിന്‍റെ നിയമ സാധുത പരിശോധിക്കണമെന്ന വാദവും ഹർജിക്കാർ ഉയർത്തി. അതേസമയം ഹർജികളിൽ തീർപ്പുണ്ടാകും വരെ കാരണം കാണിക്കൽ നോട്ടിസിന്മേൽ തുടർ നടപടിയോ അന്തിമ തീരുമാനമോ ഉണ്ടാകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു.
ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിസിമാരുടെ ഹർജികൾ ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ച(ഒക്‌ടോബർ 17) വീണ്ടും പരിഗണിക്കും.