എറണാകുളം: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ സർവകലാശാല നിലപാടിനെതിരെ ഗവർണ്ണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ചട്ടവിരുദ്ധമായാണ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം സിൻഡിക്കേറ്റ് നേരിട്ട് നടത്തിയതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ബോർഡ് ഓഫ് സ്റ്റഡീസിന് അംഗങ്ങളുടെ നിയമന നടപടി ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ഗവർണ്ണർ സത്യവാങ്മൂലം സമർപ്പിച്ചത്.
കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസുകളിലെക്കുള്ള 68 അംഗങ്ങളുടെ നിയമനം സിൻഡിക്കേറ്റ് നേരിട്ട് നടത്തിയിരുന്നു. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്നാണ് ചാൻസലറായ ഗവർണ്ണർ ഹൈക്കോടതിയെ അറിയിച്ചത്. അംഗങ്ങളെ നിയമിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെങ്കിലും നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണ്ണർക്കാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ALSO READ രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 350 കടന്നു; പ്രതിരോധം ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
കണ്ണൂർ സർവകലാശാല നിയമപ്രകാരം നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ചാൻസലറിൽ നിക്ഷിപ്തമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. നിലവിലെ ചട്ടം മറികടന്നാണ് സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത്. അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ഗവർണ്ണറുടെ അധികാരം വ്യക്തമാക്കുന്ന ചട്ടം കണ്ണൂർ സർവകലാശാല കഴിഞ്ഞയാഴ്ച്ച ഭേദഗതി ചെയ്തിരുന്നു.
വിവിധ വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുന:സംഘടിപ്പിച്ചതിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി സെനറ്റംഗങ്ങൾ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഈ സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്തുള്ള അപ്പീലാണ് ഡിവിഷൻ ബഞ്ചിന് മുന്നിലുള്ളത്. സമാനമായ രീതിയിൽ മറ്റൊരു അപ്പീലിൽ കണ്ണൂർ സർവകലാശാല വി.സി നിയമനത്തിലും ഹൈകോടതി ഗവർണറുടെ നിലപാട് തേടിയിരുന്നു.
ALSO READ ഫോട്ടോ എടുത്താല്‍ സമ്മാനം: മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഗ്വാളിയോറില്‍ പുതിയ മാർഗം