എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണനെ ഇ.ഡി ചോദ്യം ചെയ്‌ത് വിട്ടയച്ചു. അടുത്ത വെള്ളിയാഴ്‌ച വീണ്ടും ഹാജരാകാൻ നിർദേശം നൽകി. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തി ഇ.ഡി പീഡിപ്പിക്കുകയാണെന്ന് ചോദ്യം ചെയ്യലിന് ശേഷം എംകെ കണ്ണൻ ആരോപിച്ചു.
രാവിലെ 11 മണി മുതൽ രാത്രി വരെ ഇരുത്തുകയാണ്. ഒരു ചോദ്യം ചോദിച്ചതിന് ശേഷം അരമണിക്കൂർ കഴിഞ്ഞാണ് അടുത്ത ചോദ്യം ചോദിക്കുന്നത്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യവും തന്നോട്ട് ചോദിച്ചിട്ടില്ല. തൃശൂർ സർവീസ് സഹകരണ ബാങ്കിലെ ചിലരുടെ അക്കൗണ്ടുകളെ കുറിച്ചാണ് ചോദിച്ചതെന്നും എംകെ കണ്ണൻ വ്യക്തമാക്കി.
അത്തരം കാര്യങ്ങൾ നേരത്തെ നൽകിയതാണ്. മാനസികമായി പീഡിപ്പിക്കുകയാണ്. ഡെപ്യൂട്ടി ഡയറക്‌ടർ ഭീഷണിപ്പെടുത്തുകയാണ്. താൻ ഇതിന് വഴങ്ങുന്ന ആളെല്ലന്ന് വ്യക്തമാക്കിയപ്പോൾ കേസെടുക്കും ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എംകെ കണ്ണൻ പറഞ്ഞു.
അവരുടെ ചോദ്യത്തിന് അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഉത്തരം പറയണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ താൻ നടക്കില്ലെന്ന് ഉത്തരം നൽകി. കരുവന്നൂർ കേസിലെ പ്രതി സതീഷ് കുമാറുമായി 30 വർഷത്തെ പരിചയമുണ്ട്. ഫോണിൽ സംസാരിക്കുകയും ഒരുമിച്ച് ചായ കുടിക്കാൻ പോകാറുമുണ്ട് .എന്നാൽ ഒരു സാമ്പത്തിക ഇടപാടുമില്ല.
തന്നെ പോലൊരാളെ ഇത്ര സമയം ഇരുത്തിയെങ്കിൽ സാധാരണക്കാരനായ ഒരാളാണെങ്കിൽ എന്തായിരിക്കും. താനൊരു രോഗിയാണ്. രണ്ട് ഓപ്പറേഷൻ കഴിഞ്ഞ വ്യക്തിയാണ്. തന്നോട് ഇങ്ങനെ പെരുമാറിയെങ്കിൽ, പിആർ അരവിന്ദാക്ഷനെ തല്ലിയെന്നത് തനിക്ക് ഉത്തമ ബോധ്യമായെന്നും എംകെ കണ്ണൻ പറഞ്ഞു
കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു എംകെ കണ്ണനെ ചോദ്യം ചെയ്‌തത്. നേരത്തെ എംകെ കണ്ണൻ പ്രസിഡന്‍റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. എംകെ കണ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്.
ഇതിന്‍റെ തുടർച്ചയായാണ് എംകെ കണ്ണനെ ചോദ്യം ചെയ്‌തത്. കരുവന്നൂർ കേസിൽ എസി മൊയ്‌തീന് ശേഷം ഇഡി ചോദ്യം ചെയ്യുന്ന പ്രധാനപ്പെട്ട സിപിഎം നേതാവ് കൂടിയാണ് എംകെ കണ്ണൻ. കരുവന്നൂർ കേസിൽ ഇഡി അറസ്‌റ്റു ചെയ്‌ത സതീഷ് കുമാറുമായി എംകെ കണ്ണന് ബന്ധമുള്ളതായാണ് ഇ.ഡി സംശയിക്കുന്നത്. എന്നാൽ സൗഹൃദത്തിനപ്പുറം ഒരു ഇടപാടുമില്ലെന്നാണ് എകെ കണ്ണൻ ആവർത്തിച്ചത്.
അതേ സമയം എസി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും ഇ.ഡി നോട്ടിസ് നൽകും. 19-ാം തീയ്യതി ഹാജരാകാൻ ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ നിയമസഭ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ കഴിയില്ലന്ന് എസി മൊയ്‌തീൻ ഇഡിയെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നു.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും ഇഡി നിർദേശിക്കുന്ന മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചിരുന്നു. പത്ത് മണിക്കൂറോളമാണ് എ.സി.മൊയ്‌തീനെ ആദ്യ തവണ ഇഡി ചോദ്യം ചെയ്‌തത്.
അദ്ദേഹം നൽകിയ മൊഴികൾ വിശകലനം ചെയ്‌താണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതോടൊപ്പം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഒമ്പതിടങ്ങളിലായി ഇഡി നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണവും നിരവധി രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.