എറണാകുളം:കരിപ്പൂർ സ്വർണ്ണക്കടത്തിലെ പ്രധാന പ്രതികളായ അർജ്ജുൻ ആയങ്കിയെയും ,മുഹമ്മദ് ഷഫീഖിനെയും അർജ്ജുന്‍റെ ബിനാമിയെന്ന് കസ്റ്റംസ് കണ്ടെത്തിയ സജേഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒന്നാം പ്രതി ഷഫീഖും രണ്ടാം പ്രതി അർജ്ജുനും നിലവിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്.
സജേഷിന് രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ സജേഷ് കസ്റ്റംസ് ഓഫീസിലെത്തുകയായിരുന്നു.
മൂവരെയും ചോദ്യം ചെയ്യുന്നു
ചോദ്യം ചെയ്യലിന് ശേഷമായിരിക്കും സജേഷിനെപ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്‍റെ പ്രതീക്ഷ. അർജ്ജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാർ സജേഷിന്‍റെ പേരിലായിരുന്നു.
ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി ആയിരുന്ന സജേഷിനെ ഇതേ തുടർന്ന് സംഘടന പുറത്താക്കിയിരുന്നു.എന്നാൽ ഇത് അർജ്ജുന്‍റെ കാർ തന്നെയാണന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ജൂലൈ അഞ്ചിനും, അർജ്ജുന്‍റെ കസ്റ്റഡി കാലാവധി ജൂലൈ ആറിനുമാണ് അവസാനിക്കുന്നത്. ഇതിനിടയിൽ ഇവരുടെ സംഘാംഗങ്ങളെ പരമാവധി എത്തിച്ച് ചോദ്യം ചെയ്യുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം.
സൂത്രധാരൻ അർജ്ജുൻ ആയങ്കി
കരിപ്പൂർ സ്വർണ്ണക്കടത്തിൻ്റെ ബുദ്ധി കേന്ദ്രം അർജ്ജുൻ ആയങ്കിയാണെന്നാണ് കസ്റ്റംസ് നിലപാട്.അർജുൻ അന്വേഷണവുമായി സഹകരിക്കാത്തതാണ് കസ്റ്റംസിനെ കുഴക്കുന്നത്.വ്യാജ മൊഴികളാണ് ചോദ്യം ചെയ്യലിൽ അർജ്ജുൻ നൽകുന്നതെന്ന് കസ്റ്റംസ് വിചാരണ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ തന്നെ വ്യക്തമാക്കിയിരുന്നു.
Also Read: സജേഷ് ബിനാമി ; 'പൊട്ടിക്കലിന്‍റെ' സൂത്രധാരൻ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്
ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ നശിപ്പിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഫോൺ പുഴയിൽ കളഞ്ഞു പോയെന്ന വിശദീകരണമാണ് നൽകിയത്. എന്നാൽ പ്രതിയെ മാനസികമായോ ശാരിരികമായോ പീഡിപ്പിക്കരുതെന്ന കർശന നിർദേശവും എസിജെഎം കോടതി കസ്റ്റംസിന് നൽകിയിട്ടുണ്ട്.