എറണാകുളം : കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ (Kandala Service Co-operative Bank fraud case) അറസ്റ്റിലായ മുൻ സി പി ഐ നേതാവ് ഭാസുരാംഗനെയും (Kandala Service Co-operative Bank fraud case Bhasurangan) മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരെയും ചൊവ്വാഴ്‌ച പത്ത് മണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്‌തത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമനുസരിച്ചുള്ള (പി എം എൽ എ) കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഭാസുരാംഗനെ മൂന്ന് തവണകളായി മണിക്കൂറുകളോളം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തിരുന്നു.
ഭാസുരാംഗന്‍റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും ചില രേഖകൾ ഇഡി കണ്ടെത്തുകയും ചെയ്‌തു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. സംഭവത്തിൽ കണ്ടല ബാങ്ക് ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ബാങ്ക് മുൻ പ്രസിഡന്‍റ് ഭാസുരാംഗനെതിരെ നിർണായക തെളിവുകൾ ഇ ഡി ശേഖരിക്കുകയും ചെയ്‌തു.
ബാങ്ക് പ്രസിഡന്‍റ് ആയിരിക്കെ ഭാസുരാംഗനും മകൻ അഖിൽജിത്തും വലിയ തോതിൽ സാമ്പത്തിക പുരോഗതി നേടിയിരുന്നു. എന്നാൽ ഇരുവർക്കും ഇതുമായി ബന്ധപ്പെട്ട വരുമാന സ്രോതസ് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ മൊഴികൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടായിരുന്നു.
നൂറ് കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഓഡിറ്റ് നടത്തിയതിൽ മുമ്പ് ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരായ വ്യക്തമായ തെളിവുകൾ ഇ ഡി ശേഖരിച്ചു. തുടർന്നാണ് അറസ്റ്റിലേക്ക് കടന്നതെന്ന് ഇ ഡി വ്യക്തമാക്കി.
ഇരുവരുടെയും സ്വത്തുകൾ കണ്ട് കെട്ടുന്നതിനുള്ള നടപടികൾ ഇ ഡി ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന കാലയളവിലെ മറ്റ് ഭരണ സമിതി അംഗങ്ങളിലേക്കും ഇ ഡി അന്വേഷണം വ്യാപിപ്പിച്ചു. കണ്ടല സർവീസ് സഹകരണ ബാങ്കിലെ പണം തട്ടിപ്പ് ആരോപണത്തെ തുടർന്ന് ഭാസുരാംഗനെ സി പി ഐ പ്രാഥമിക അംഗത്വത്തിൽ നിന്നും മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
Also read: എൻ ഭാസുരാംഗനെ മിൽമയുടെ അഡ്‌മിനിസ്ട്രേറ്റീവ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി