എറണാകുളം: കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരായ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് അവഹേളനാപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ കിഫ്ബി തട്ടിപ്പുകൾ ചൂണ്ടിക്കാണിച്ചതിനാണ് തോമസ് ഐസക്കിന്‍റെ വില കുറഞ്ഞ ആരോപണങ്ങളെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കൊവിഡ് കാലത്ത് പോലും രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകരാതെ നോക്കിയ ധനമന്ത്രിയാണ് നിര്‍മല സീതാരാമന്‍. അതേസമയം കേരളത്തില്‍ ജനങ്ങളെ ജാമ്യം നിര്‍ത്തിയാണ് ധന വകുപ്പ് കൊള്ളയടിക്കുന്നത്. കിഫ്‌ബിയിലൂടെ സര്‍ക്കാര്‍ നടത്തിയതെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേത്രങ്ങളുടെ സ്ഥലങ്ങള്‍ ഏറ്റെടുത്തുവെന്നും എന്തിനാണ് സര്‍ക്കാര്‍ ഒരു വിഭാഗത്തിന്‍റെ മാത്രം ഭൂമി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഏതൊക്കെ ക്ഷേത്രങ്ങളുടെ ഭൂമിയാണ് ഏറ്റെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹ ആരോപണം ഉന്നയിച്ചിട്ടില്ല. സാമ്പത്തിക ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നും സുരേന്ദന്‍ പറഞ്ഞു. ദിനം പ്രതി ഉയരുന്ന പെട്രോള്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്‌ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി തൃപ്പൂണിത്തുറയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കാര്യങ്ങള്‍ തിരിച്ചറിയാതെ എഴുതി തയ്യാറാക്കിയത് വായിക്കുക മാത്രമാണ് നിര്‍മല സീതാരാമന്‍ ചെയ്‌തതെന്നായിരുന്നു ഐസക്കിന്‍റെ എഫ്‌ബി പോസ്റ്റ്.