എറണാകുളം : സിൽവർലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ ചോറ്റാനിക്കരയിൽ സർവേ നടപടികൾ താത്കാലികമായി നിർത്തിവച്ചു. രാവിലെ സ്ഥാപിച്ച സർവേ കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുതെടുത്ത് തോട്ടിലെറിഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം സർവേ നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടികൾ നിർത്തിവച്ചത്.
ഇന്ന് രാവിലെയാണ് നെൽവയലിൽ സ്ഥാപിച്ച സിൽവർലൈൻ സർവേ കല്ലുകള്‍ കോൺഗ്രസ് പ്രവർത്തകർ പിഴുത് തോട്ടിലെറിഞ്ഞത്. സർവേ ഉപകരണങ്ങൾ ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചുവാങ്ങാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മിൽ പല വട്ടം ബലപ്രയോഗം നടന്നെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവായി.
Also read: 'കെ റെയിലുമായി മുന്നോട്ട്'; പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തില്ലെന്ന് എംഡി
പൊലീസ് സുരക്ഷയിൽ സ്ഥാപിച്ച സർവേ കല്ലുകൾ തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ പിഴുതെടുക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയും ഇവിടെ സ്ഥാപിച്ച സർവേ കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുത് തോട്ടിലെറിഞ്ഞിരുന്നു. സിൽവർലൈൻ പദ്ധതിയ്ക്ക് വേണ്ടി നിരവധി വീടുകളും കൃഷി ഭൂമിയും നഷ്‌ടമാകുന്ന സാഹചര്യമാണ് ചോറ്റാനിക്കരയിലുള്ളത്.