ന്യൂഡല്‍ഹി: ഫെബ്രുവരി 5ന് 70 സീറ്റുകളിലേക്കുള്ള ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ശക്തമായ പോരാട്ടത്തിന് കളമൊരുക്കുകയാണ് ഭരണകക്ഷിയായ ആംആദ്‌മിയും പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് പോലും നേടാനാകാത്ത കോൺഗ്രസിന് ഇത് അഭിമാന പോരാട്ടമാകുമ്പോള്‍, ആംആദ്‌മിയും ബിജെപിയുമാണ് തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന എതിരാളികൾ.
1998 മുതൽ അധികാരത്തിലെത്താൻ സാധിക്കാത്ത ബിജെപി ഭരണം ലക്ഷ്യമിട്ട് കച്ചകെട്ടി തന്നെയാണ് ഇത്തവണ ഇറങ്ങുന്നത്. എന്നാല്‍ ബിജെപിയെ ഏതുവിധേനയും പരാജയപ്പെടുത്തണമെന്ന ആംആദ്‌മിയുടെ തന്ത്രവും കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുകാലത്ത് കോണ്‍ഗ്രസ് കോട്ട, ഇന്ന് സംപൂജ്യര്‍
ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്ന ഡല്‍ഹിയില്‍ ഇന്ന് ഒരു സീറ്റുപോലും വിജയിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. 2015ലെയും 2020ലെയും കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അക്കൗണ്ട് തുറക്കാനാകാതെ പോയ കോണ്‍ഗ്രസിന് ഇത്തവണ എത്ര സീറ്റ് നേടാൻ കഴിയുമെന്നത് ഒരു വലിയ ചോദ്യ ചിഹ്നമാണ്. 2013, 2015, 2020 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഎപിയിലേക്ക് മാറിയ പരമ്പരാഗത വോട്ട് ബാങ്ക് പിന്തുണ നേടാനുള്ള കിണഞ്ഞ ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2013 മുതലുള്ള കണക്കുകള്‍ ഇങ്ങനെ
- ആകെയുള്ള 70 സീറ്റില്‍ 2013ൽ ആംആദ്‌മി 29.5 ശതമാനം വോട്ട് നേടി 28 സീറ്റ് നേടി, ബിജെപി 33 ശതമാനം വോട്ട് നേടി 32 സീറ്റ് സ്വന്തമാക്കി, കോൺഗ്രസിന് വോട്ട് ശതമാനം 24.6 ശതമാനമായി കുത്തനെ കുറഞ്ഞു, വെറും 8 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. കേവലഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതോടെ ആംആദ്‌മിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്‌തു.
- 2015ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 67 സീറ്റും 54.3 ശതമാനം വോട്ടും നേടി ആംആദ്‌മി വൻ വിജയം നേടി. ബിജെപി വെറും മൂന്ന് സീറ്റിലൊതുങ്ങി. 9.7 ശതമാനം മാത്രം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല. അരവിന്ദ് കെജ്രിവാള്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്‌തു.
- 2020ൽ ആംആദ്‌മിക്ക് 53.57 ശതമാനം വോട്ടുകളും 62 സീറ്റുകളും ലഭിച്ചും, വീണ്ടും അധികാരത്തിലെത്തി. 8 സീറ്റിലാണ് ബിജെപിക്ക് വിജയിക്കാനയത്. കോൺഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ലെന്ന് മാത്രമല്ല വോട്ട് ശതമാനം 4.26 ആയി കുത്തനെ കുറയുകയും ചെയ്‌തു.
ഡല്‍ഹി കൂട്ടബലാത്സംഗക്കേസും അഴിമതിയും കോണ്‍ഗ്രസിന്‍റെ പതനവും
ഷീലാ ദീക്ഷിത്തിന്‍റെ നേതൃത്വത്തിൽ 1998 മുതൽ 2013 വരെ ഡൽഹി ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂന്ന് തവണ അധികാരത്തിലിരുന്നപ്പോൾ വികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും വോട്ടർമാരുടെ വിശ്വാസം നേടിയെടുത്തിരുന്നുവെങ്കിലും പിന്നീട് കോമൺവെൽത്ത് ഗെയിംസ് ചെലവുകളുടെ കാര്യത്തിൽ ഗുരുതരമായ ഭരണവിരുദ്ധതയും അഴിമതി ആരോപണങ്ങളും നേരിടേണ്ടി വന്നു.
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസും കോണ്‍ഗ്രസിന് വൻ തിരിച്ചടിയായി. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച ക്രൂരമായ കൂട്ടലാത്സംഗക്കേസ് പെണ്‍മക്കളുടെ സുരക്ഷയെ കുറിച്ച് ഏറെ ചോദ്യം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന് നിലംതൊടനായിട്ടില്ല എന്നതാണ് വസ്‌തുത.
കെജ്രിവാളിന്‍റെ ഉദയം
അഴിമതിക്കെതിരെ ചൂലെടുത്ത് ഇറങ്ങിയ അരവിന്ദ് കെജ്രിവാളിന്‍റെ പോരാട്ടം 2013 നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മികച്ച രീതിയില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്താനും ഡല്‍ഹി ജനതയെ ബോധവല്‍ക്കരിക്കാനും ആംആദ്‌മിക്ക് കഴിഞ്ഞു.
2013ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് നേരിട്ട എഎപി 28 സീറ്റുകളില്‍ വിജയിച്ചു. 32 സീറ്റുകളില്‍ വിജയിച്ച ബിജെപി ഏറ്റവും വലിയ ഒറ്റക്കകക്ഷി ആയെങ്കിലും കേവലം ഭൂരിപക്ഷം നേടാനായില്ല. 8 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കെജ്രിവാള്‍ മുഖ്യമന്ത്രിയായി. 2013 മുതല്‍ ഇതുവരെ ആംആദ്‌മിയാണ് രാജ്യ തലസ്ഥാനം ഭരിക്കുന്നത്.
ആംആദ്‌മി നേരിടുന്ന പ്രധാന വെല്ലുവിളികള്‍
ഭരണ വിരുദ്ധത, അഴിമതി ആരോപണങ്ങൾ, നടപ്പാക്കാത്ത വാഗ്‌ദാനങ്ങൾ, വികസന പ്രശ്‌നങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ ഭരണകക്ഷിയായ എഎപി നിലവില്‍ നേരിടുന്നുണ്ട്. ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു.
അഴിമതിക്കെതിരെ പോരാട്ടമെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കിയ ആംആദ്‌മി ഇപ്പോള്‍ ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയായെന്നും ബിജെപി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം മറികടന്ന് ആംആദ്‌മി പാര്‍ട്ടി വീണ്ടും ഭരണത്തിലെത്തുമോ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Read Also: 'കെജ്‌രിവാൾ ആരോഗ്യ മേഖലയില്‍ 382 കോടി രൂപയുടെ അഴിമതി നടത്തി'; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്