എറണാകുളം: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ച് മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിനെ നാട്ടുകാർ കയ്യേറ്റംചെയ്‌തു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്‌സിയുടെ വീടിന് അടുത്തുവച്ച് മര്‍ദനമേറ്റത്.
കുഞ്ഞിന്‍റെ സംസ്‌കാരം ബുധനാഴ്ച വൈകിട്ട് ആറരയോടെ കൊച്ചി കറുകുറ്റി പള്ളിയില്‍ നടന്നിരുന്നു.
ശേഷം രാത്രി ഏഴരയോടെയാണ് ഡിക്‌സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാര്‍ തടയുകയും കാറിന്‍റെ ചില്ല് തകർക്കുകയും ചെയ്‌തു.കലൂരിലെ ഹോട്ടൽ മുറിയിൽവച്ച് തിങ്കളാഴ്ച രാത്രിയാണ് സജീവിന്‍റെ മകളെ പള്ളുരുത്തി സ്വദേശി ജോൺ ബിനോയി കൊലപ്പെടുത്തിയത്. രണ്ട് കുട്ടികൾക്കും ജോൺ ബിനോയിക്കും അഞ്ചാം തിയതിയാണ് കുട്ടികളുടെ മുത്തശ്ശി സിപ്‌സി ഹോട്ടലിൽ മുറിയെടുത്തത്.
ALSO READ: Kerala Budget 2022 | രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നാളെ
ഇതിനിടയിൽ ജോൺ ബിനോയിയും മുത്തശ്ശിയും തമ്മിൽ തർക്കമുണ്ടായി. തിങ്കളാഴച രാത്രി സിപ്‌സി പുറത്തുപോയ വേളയിൽ സുഹൃത്ത് ഒന്നര വയസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു.
പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണ് പ്രതി മുത്തശ്ശിയോട് പറഞ്ഞത്. ഇതേകാരണം പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിൽ കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെയാണ് കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.