കൊച്ചി: ക്ഷീരകര്‍ഷകര്‍ക്കും കറവമാടുകള്‍ക്കും സമ്പൂര്‍ണ സുരക്ഷയൊരുക്കുന്ന 'ക്ഷീരസാന്ത്വനം' പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ തുടക്കമിട്ടു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വ്വഹിച്ചു. കുറഞ്ഞ പ്രീമിയം തുകയില്‍ ആരോഗ്യ സുരക്ഷയില്‍ പരമാവധി ഒരു ലക്ഷം രൂപ വരെയും അപകട സുരക്ഷയില്‍ പരമാവധി അഞ്ചുലക്ഷം രൂപവരെയും ഇൻഷുറൻസ് ലഭിക്കും. ഗോസുരക്ഷ പോളിസിയില്‍ പരമാവധി 50,000 രൂപ മുതല്‍ 60,000 രൂപ വരെയും പദ്ധതിപ്രകാരം ക്ലെയിം ലഭിക്കും. 80 വയസ് വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയിൽ ചേരാം. ക്ഷീരമേഖലയിലെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇന്‍ഷുറന്‍സ് പദ്ധതി. ക്ഷീരവികസന വകുപ്പ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകള്‍, പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കറവമാടുകള്‍ നഷ്‌ടപ്പെട്ടാല്‍ മറ്റ് ജീവനോപാധികള്‍ ഇല്ലാതെ ക്ഷീരകര്‍ഷകര്‍ തൊഴില്‍രഹിതരാകുന്നതിന് പ്രളയ കാലത്ത് സംസ്ഥാനം സാക്ഷ്യം വഹിച്ചതായി മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു. ഇത്തരം സാഹചര്യം മറികടക്കുന്നതിന് കുറഞ്ഞ ചെലവില്‍ ബദല്‍ സംവിധാനമൊരുക്കാനാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരമേഖലയെ പ്രളയനാശനഷ്‌ടങ്ങളില്‍ നിന്ന് കരകയറ്റുന്നതിന് വിവിധ പദ്ധതികളിലായി 22 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് അംഗത്വകാര്‍ഡുകളുടെ വിതരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.