എറണാകുളം: പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു (46), ഭാര്യ അമ്പിളി (39), മക്കളായ ആദിത്യൻ (15), അർജ്ജുൻ (13) എന്നിവരാണ് മരിച്ചത്. മക്കളുടെ മൃതദേഹം ഹാളിലും, ദമ്പതികളുടേത് കിടപ്പ് മുറിയിലുമാണ് കണ്ടത്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്‍റെ വീട്ടുകാരെയും ബന്ധുക്കളെയും വീട്ടിൽ കയറ്റരുതെന്നും, ആത്മാവിന് ഗുണം കിട്ടില്ലെന്നും ചുമരിൽ എഴുതി വെച്ചിരുന്നു.
ചിട്ടി നടത്തിപ്പിനെ തുടർന്ന് ഇവർ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. എല്ലാവരോടും ഡിസംബർ 31 നകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നത്. സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായവരുടെയും പണം തരാനുള്ളവരുടെയും പേരുവിവരങ്ങളും ഡയറിയിൽ കുറിച്ചു വെച്ചിട്ടുണ്ട്. പണം നൽകേണ്ടവരോട് രാവിലെ വീട്ടിൽ എത്താനും ബിജു ഫോൺ ചെയ്ത് പറഞ്ഞിരുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു. കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.