എറണാകുളം: എ.ഡി മൂന്നോ നാലോ നൂറ്റാണ്ടുകളിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന ഇതിഹാസമായി മാറിയത്. ക്രിസ്മസ് ഫാദറായും ന്യു ഇയർ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജർമ്മനിയിലാണ്. വിശുദ്ധ നിക്കോളാസിന്‍റെ തിരുന്നാൾ ജർമ്മനിയിൽ പുതുവത്സര ദിനത്തിലാണ്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയിൽ ആദ്യമായി അദ്ദേഹത്തിന്‍റെ തിരുന്നാൾ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാൾ പിന്നീട് അമേരിക്കൻ പാരമ്പര്യത്തിന്‍റെ ഭാഗമായി തീർന്നു. സെന്‍റ് നിക്കോളാസിനെ ഡച്ചുകാർ സിന്‍റർ ക്ലോസ് എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അത് സാന്‍റിക്ലോസ് എന്നും തുടർന്ന് സാന്താക്ളോസ് എന്നുമായി മാറി.
ഇന്ത്യയിൽ നിക്കോളാസിന്‍റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ഏക ദേവാലയമാണ് കേരളത്തിലെ എറണാകുളം ജില്ലയിലെ പാമ്പാക്കുട സെന്‍റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി. റെയിലിംഗിനുള്ളിലെ തെക്കേ മതിലിൽ, വിശുദ്ധരുടെ വിശുദ്ധ തിരുശേഷിപ്പുകളും കുരിശിന്‍റെ വളരെ ചെറിയ ഭാഗവും ഇവിടെ സൂക്ഷിച്ചിരുന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ ഊർശ്ലേം (യെരുശലേം) യാത്രയിൽ അദ്ദേഹത്തിന്‍റെ അഭ്യർത്ഥനപ്രകാരം, ജറുസലേം ബിഷപ്പ് നിക്കോളാസിന്‍റെ തിരുശേഷിപ്പുകൾ പരുമല തിരുമേനിയ്ക്ക് നൽകി. അദ്ദേഹം അത് തന്‍റെ ഗുരുസ്ഥാനീയനായിരുന്ന കോനാട്ട് ഗീവാർഗീസ് മാർ യൂലിയോസിന് നൽകുകയും പിന്നീട് എ ഡി 1903 പാമ്പാക്കുട പള്ളിയിലെ പ്രധാന കുരിശടിയിൽ സ്ഥാപിക്കുകയും ചെയ്തു. കുട്ടികൾക്ക് ക്രിസ്മസ് പാപ്പായുമായും അപ്പൂപ്പനുമായും ക്രിസ്മസിന് വിരുന്നെത്തുന്ന സാന്താക്ലേോസിന്‍റെ തിരുശേഷിപ്പുകൾ പേറുന്ന ചരിത്രസ്മാരകമായി ഈ ദേവാലയം നിലകൊള്ളുന്നു.