കൊച്ചി: 2019ല്‍ രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടന്നത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി. കഴിഞ്ഞ വർഷം 68 കേസുകളിലായി 67.3 കോടിയുടെ കള്ളക്കടത്താണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. 46 കോടി രൂപ വിലമതിക്കുന്ന 132 കിലോ സ്വർണവും അഞ്ച് കിലോ ഹാഷിഷ് ഓയിലും പിടികൂടി.
വിമാനത്താവളത്തിൽ കഴിഞ്ഞ 25 വർഷത്തെതന്നെ ഏറ്റവും വലിയ കള്ളക്കടത്താണ് 2019ല്‍ ഉണ്ടായത്. 21 കേസുകളിലായി മൂന്നര കോടി രൂപയുടെ വിദേശ നാണ്യം, 23 കേസുകളിലായി 1.18 കോടിയുടെ ഇന്ത്യൻ കറൻസി എന്നിവയും പിടികൂടി. 65 ലക്ഷം വിലമതിക്കുന്ന വിദേശത്തുനിന്ന് എത്തിയ 1540 ബോക്സ് സിഗരറ്റും കസ്റ്റഡിയിലെടുത്തതിൽ ഉൾപ്പെടുന്നു.
എയർ കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫ്, സുമിത് കുമാർ എന്നിവരുടെ നിർദേശപ്രകാരം നാലുപേരടങ്ങിയ എയർ കസ്റ്റംസ് ടീമാണ് കള്ളക്കടത്തു വേട്ട നടത്തിയത്. കേസുകൾ രജിസ്റ്റർ ചെയ്തതിൽ തൊട്ടു പിന്നിൽ മുംബൈ വിമാനത്താവളമാണ്.