എറണാകുളം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ സീൽ ചെയ്‌ത സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളുൾപ്പെടെയുള്ള സാമഗ്രികൾ ജസ്‌റ്റിസ് ബദറുദീന്‍റെ ബെഞ്ച് തുറന്നു പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ രണ്ട് പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെയുൾപ്പെടെ ഒപ്പില്ലായിരുന്നു എന്ന കാരണത്താലാണ് വോട്ട് പെട്ടികള്‍ തുറന്ന് പരിശോധിച്ചത്. ചിതറിക്കിടന്ന രേഖകൾ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണെന്ന് ഇവ പരിശോധിച്ച് ഹൈക്കോടതി വിലയിരുത്തി.
വിഷയം ഗൗരവകരമാണ്. തെരഞ്ഞെടുപ്പിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് അപചയത്തിന്‍റെ സൂചനയെന്നും ജസ്‌റ്റിസ് ബദറുദീൻ അഭിപ്രായപ്പെട്ടു. എന്നാൽ, റിട്ടേണിങ് ഓഫീസറുടെയടക്കം ഒപ്പും സീലുമടങ്ങിയ ഒരു പെട്ടി കോടതി തുറന്ന് പരിശോധിച്ചില്ല.
സീലും ഒപ്പുമടങ്ങിയ ഈ പെട്ടിയിൽ കൃത്രിമം നടന്നുവെന്ന് സംശയിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി അവ പരിശോധിക്കാതിരുന്നത്. തുറന്ന പെട്ടികൾ ഹൈക്കോടതി വീണ്ടും സീൽ ചെയ്‌ത ശേഷം സേഫ് കസ്‌റ്റഡിയിലേക്ക് മാറ്റുകയും ചെയ്‌തു. വോട്ടുപെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ റിപ്പോർട്ട് വരട്ടെയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
348 സ്പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌ത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി കെപിഎം മുസ്‌തഫ നൽകിയ ഹർജി ഹൈക്കോടതി അടുത്ത വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും. ഹൈക്കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വോട്ടു പെട്ടികളിലൊരെണ്ണം കാണാതായത്.