എറണാകുളം: ദേശീയ പാതകളിലെ കുഴികളിൽ വീണ് അപകടമുണ്ടായാൽ കലക്‌ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. തകർന്ന റോഡുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ജില്ല കലക്‌ടർമാരുടെ ഔദ്യോഗിക പേജുകൾ വഴി പരാതി നൽകാം. ഇത്തരം പരാതികളിന്മേൽ കലക്‌ടർമാർ ഉടൻ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം കോടതി ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ആളുകൾ ഇങ്ങനെ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണമെന്നും, ടോൾ പിരിവ് തടയേണ്ടത് ആരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരം സംബന്ധിച്ച വിജിലൻസ് പരിശോധന നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു.
തുടർന്ന്, വിഷയം ഈ മാസം 31ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി. ഈ വിഷയം പരിഗണിക്കുന്ന അന്ന് വിജിലൻസ് ഡയറക്‌ടർ ഓൺലൈനിൽ ഉണ്ടാകണമെന്നും കോടതി നിർദേശം നൽകി. കോടതി നിർദേശ പ്രകാരം തൃശൂർ, എറണാകുളം കലക്‌ടർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മണ്ണുത്തി-കറുകുറ്റി ദേശിയ പാതയിൽ നിർമാണത്തിൽ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാണ്. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് കോടതി നിർദേശം.