എറണാകുളം : കാപ്പ തടവുകാരൻ ആകാശ് തില്ലങ്കേരിയെ തൃശൂർ ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിയ്യൂർ ജയിൽ സൂപ്രണ്ടിനാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ജയിലിലെ ആക്രമണത്തിൽ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.
മെഡിക്കൽ റിപ്പോർട്ടും സംഭവം നടന്ന ദിവസത്തെ സി സി ടി വി ദൃശ്യങ്ങളും വെള്ളിയാഴ്‌ച ഹാജരാക്കണം. സംഭവ ദിവസത്തെ സി സി ടി വി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്‌ക്കാനും കോടതി നിർദേശിച്ചു. ആകാശിന്‍റെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി നടപടി.
ആകാശിനെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജിയിൽ ജയിൽ ഡി ജി പി അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. വരുന്ന വെള്ളിയാഴ്‌ച ഹർജി കോടതി വീണ്ടും പരിഗണിക്കും.
ജയിലറെ മർദിച്ച സംഭവം : ഞായറാഴ്‌ച (25.6.23) വൈകുന്നേരം കാപ്പ തടവുകാരനായ ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേർന്ന് വിയ്യൂർ അസി. ജയിൽ സൂപ്രണ്ട് രാഹുലിനെ മർദിച്ചിരുന്നു. ഇതാണ് ഹേബിയസ് കോർപ്പസ് ഹർജിക്ക് ആധാരമായ സംഭവം. എന്നാൽ ആകാശിനും മർദനമേറ്റിട്ടുണ്ടെന്നാണ് ഹർജിയിലെ ആരോപണം.
ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശിനെ ചോദ്യം ചെയ്‌തതാണ് മർദനത്തിൽ കലാശിച്ചത്. തുടർന്ന് ആകാശിനെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. പരിക്കേറ്റ ജയിലറെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ വിയ്യൂർ പൊലീസ് ആകാശിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അറസ്റ്റിനായി കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
ആകാശ് തില്ലങ്കേരിയുടെ അറസ്‌റ്റും കേസും : ജയിലിൽ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഇയാളിൽ നിന്നും ജയിലർക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ വർഷം ഫെബ്രുവരി 27നാണ് സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ആകാശ് തില്ലങ്കേരിയ്‌ക്കും സുഹൃത്ത് ജിജോ തില്ലങ്കേരിയ്‌ക്കുമെതിരെ കാപ്പ ചുമത്തി ഇരുവരേയും മുഴക്കുന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് മേധാവിയുടെ ശുപാർശയിൽ സ്‌ത്രീത്വത്തെ അപമാനിക്കൽ, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങളും ചുമത്തി കലക്‌ടറുടെ നിർദേശപ്രകാരമായിരുന്നു ഇരുവരുടേയും അറസ്‌റ്റ്.
ഷുഹൈബ് വധക്കേസിൽ പ്രതിയായ ആകാശിന് ജാമ്യം ലഭിച്ചതിന് ശേഷം സിപിഎമ്മിനെതിരായ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റുകളിലൂടെ ആകാശ് വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് ഡിവൈഎഫ്‌ഐ വനിത നേതാവിനെ അപമാനിച്ചെന്ന കേസുമുണ്ടായി. ഇതിനിടെയാണ് ആകാശിനെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. ഇതിന് ശേഷം ഒളിവിൽ പോയ ഇയാൾ പിന്നീട് മട്ടന്നൂർ കോടതിയിൽ കീഴടങ്ങുകയായിരുന്നു.