എറണാകുളം: കായികതാരങ്ങൾ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി (Athletes Are Leaving Kerala). ട്രിപ്പിൾ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയുടെ ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. രഞ്ജിത്തിന്‍റെ ഉത്തേജക മരുന്ന് പരിശോധനയുടെ വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി.
കേരളത്തിൽ കായിക താരങ്ങൾ സർക്കാരിൽ നിന്നും അവഗണന നേരിടുന്നുവെന്ന വിവാദം കത്തി നിൽക്കവെയാണ് വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും പരാമർശമുണ്ടായത്. കായിക താരങ്ങൾ കേരളം വിട്ടു പോവുകയാണ്. ഉള്ളവരെ ഓടിക്കല്ലെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ പറഞ്ഞു. അർജുന അവാർഡ് നിഷേധിച്ചതിനെതിരെ ട്രിപ്പിൾ ജംപ് താരം രഞ്ജിത്ത് മഹേശ്വരി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം.
രഞ്ജിത്തിന്‍റെ ഉത്തേജക മരുന്ന് പരിശോധനയുടെ വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് പറയുന്നതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഹർജി ഹൈക്കോടതി മൂന്നാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഡോക്‌ടറുടെ ഉപദേശപ്രകാരമുള്ള മരുന്നായിരുന്നുവെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു രഞ്ജിത്തിന് അർജുന അവാർഡ് നിഷേധിച്ചത്. കായിക വകുപ്പിന്‍റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. അതേ സമയം സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകാത്തതിനാൽ കേരളം വിടുകയാണെന്ന് ബാഡ്‌മിന്‍റൺ താരം എച്ച്.എസ്. പ്രണോയ് ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്: രാജ്യാന്തര കായിക താരങ്ങൾ കേരളം വിടുന്നത് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമർശം. കായിക താരങ്ങളെ സർക്കാർ അപമാനിക്കുകയാണ് എന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
രാജ്യാന്തര ബാഡ്‌മിന്‍റൺ താരം എച്ച്എസ് പ്രണോയ്‌ക്ക് പിന്നാലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്‌ദുല്ല അബൂബക്കര്‍ എന്നിവർ കേരളം വിടുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
രാജ്യാന്തര കായിക താരങ്ങൾ കേരളം വിടുന്നത് സംസ്ഥാനത്തെ കായിക മേഖലയെ തളർത്തുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി. സർക്കാരിന്‍റെയും കായിക വകുപ്പിന്‍റെയും അവഗണന കാരണമാണ് ഇത് സംഭവിക്കുന്നത്. കായിക താരങ്ങൾ സംസ്ഥാനം വിടുന്നുവെന്ന വാർത്ത മാധ്യമങ്ങളിൽ ഇപ്പോൾ സ്ഥിരമാണ്.
രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ കായിക താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന് തന്നെ അഭിമാനമായ മലയാളി കായിക താരങ്ങളുണ്ട്. ഇവർ സംസ്ഥാനം വിട്ടു പോകുന്നത് തടയാൻ സർക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സർക്കാർ തന്നെ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ജോലിയും പരിതോഷികവും നൽകാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
ALSO READ: സംസ്ഥാന സ്‌കൂൾ ഗെയിംസിനായി പോയ കാസർകോട്ടെ വിദ്യാർഥികൾ നേരിട്ടത് കടുത്ത അവഗണന