എറണാകുളം: 'കേരള സ്‌റ്റോറി'യുടെ പ്രദർശനത്തിന് അടിയന്തര സ്‌റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. പൊതുതാൽപര്യ ഹർജിയിലെ സെൻസർ ബോർഡക്കമുള്ള എതിർ കക്ഷികളോട് കോടതി മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചിത്രത്തിന്‍റെ പ്രദർശനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി മെയ് അഞ്ചിലേക്ക് മാറ്റി.
ഹര്‍ജി ഇങ്ങനെ: രാജീവ് ഗാന്ധി സ്‌റ്റഡി സർക്കിൾ എന്ന എൻജിഒയുടെ ഭാരവാഹി അഡ്വ.വി.ആർ അനൂപാണ് ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നാവശ്യപെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിദ്വേഷപരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടിയും റദ്ദാക്കണമെന്നും ഇയാള്‍ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സെൻസർ ബോർഡിന്‍റെ സൂക്ഷ്‌മ പരിശോധന ആവശ്യമാണെന്ന് വാദിച്ച ഹർജിക്കാരൻ ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്നതാണെന്നും കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാരനോട് ചോദ്യമുന്നയിച്ച് കോടതി: എന്നാൽ ടീസറിലെ പരാമർശങ്ങൾ സിനിമയുടെ പൂർണമായ ഉദ്ദേശമായി കണക്കാക്കാനാക്കുമോയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ചിത്രം കണ്ടിട്ടില്ലല്ലോയെന്നും ഹർജിക്കാരനോട് ചോദിച്ചു. ടീസർ മാത്രം കണ്ട് ചിത്രത്തെ വിലയിരുത്താനാകുമോയെന്നും കോടതി ചോദ്യമുന്നയിച്ചു. ടീസറിനെതിരെയാണ് ആരോപണമെന്നും ചിത്രത്തിനെതിരെ ഹർജിക്കാരൻ ആരോപണം ഉന്നയിക്കുന്നില്ലെന്നും കൃത്യമായ പരിശോധനയോടെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജി ശരിയായ ഉദ്ദേശത്തോടെ അല്ലെന്നായിരുന്നു പ്രൊഡക്ഷൻ കമ്പനിയുടെ വാദം. അതിനിടെ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്‍റായ തൃശൂർ സ്വദേശിനിയും കേരള സ്‌റ്റേറി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്.
എന്താണ് കേരള സ്‌റ്റോറി: ആദ ശര്‍മ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കേരള സ്‌റ്റോറി മെയ് അഞ്ചിനാണ് റിലീസിനെത്തുന്നത്. സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്‍റെ നിർമാതാവും ക്രിയേറ്റീവ് ഡയറക്‌ടറും സഹരചയിതാവും വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ്. കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്‌ത്രീകളുടെ പിന്നിലെ സംഭവവികാസങ്ങളെ ചുറ്റിപറ്റിയാണ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്: കേരള സ്‌റ്റോറിയ്‌ക്ക് കഴിഞ്ഞദിവസമാണ് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കിയത്. സംഭാഷണങ്ങള്‍ ഉള്‍പ്പടെ ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി 10 മാറ്റങ്ങളും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി, ഹൈന്ദവരെ തങ്ങളുടെ ആചാരം നിര്‍വഹിക്കാന്‍ സമ്മതിക്കുന്നില്ല എന്ന സംഭാഷണം, ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റുകള്‍ അവസരവാദികളാണ് എന്നു പറയുന്നിടത്ത് ഇന്ത്യന്‍ എന്ന പദം നീക്കം ചെയ്യണം, ചിത്രത്തിന്‍റെ ഏറ്റവും അവസാനത്തെ ഭാഗത്ത് ഭീകരവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണം തുടങ്ങിയ പത്ത് മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിര്‍മാതാവ് വിപുല്‍ അമൃത്‌പാല്‍ ഷായാണ് അറിയിച്ചത്.