എറണാകുളം: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ മുദ്രാവാക്യം വിളിയിൽ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. മുദ്രാവാക്യം വിളിച്ചവർക്കു മാത്രമല്ല, സംഘാടകർക്കും ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. റാലികളിൽ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ഇത്തരം മുദ്രാവാക്യങ്ങൾ ആരു വിളിച്ചാലും കർശന നടപടി വേണമെന്ന് കോടതി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, ബജ്റംഗ് ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി ഇന്ന് പരിഗണിക്കുമ്പോഴായിരുന്നു പരാമർശങ്ങൾ. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന റാലിക്കിടെയായിരുന്നു 10 വയസ് പോലും തോന്നിക്കാത്ത കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളി. അതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പള്ളുരുത്തി സ്വദേശിയായ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
പോപ്പുലർ ഫ്രണ്ടിന്‍റെ ബാലസംഘടനയുടെ പ്രവർത്തകനാണ് കുട്ടി. എന്നാൽ പൊലീസ് കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ കുട്ടിയും പിതാവും അവിടെ ഉണ്ടായിരുന്നില്ല. ഇവർ വാടകക്ക് താമസിച്ചിരുന്ന വീട് അടച്ചിട്ട നിലയിലായിരുന്നു.
Also Read: വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന ; കുട്ടിയും പിതാവും ഒളിവിൽ