എറണാകുളം: തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരുവുനായയുടെ ആക്രമണം ഏൽക്കുന്നവർക്ക് സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാക്കാൻ സർക്കാരിനും കോടതി നിർദേശം നൽകി.
കൂടാതെ തെരുവുനായ്ക്കൾക്കെതിരായ ആക്രമണങ്ങളിൽ സർക്കാരും ഡിജിപിയും ഇറക്കിയ സർക്കുലറുകൾ കൃത്യമായി നടപ്പിലാക്കണം. മാത്രവുമല്ല നായ്ക്കളെ ആക്രമിക്കുന്നവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. നായ്‌ക്കൾക്ക് ആഹാരം നൽകുന്നവരെ ആക്രമിക്കുന്ന സംഭവത്തിലും നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശമുണ്ട്.
എല്ലാ എസ്എച്ച്ഒമാരും ഇക്കാര്യത്തിൽ നടപടി ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി വരുന്ന 23 ന് വീണ്ടും പരിഗണിക്കും. നായ്ക്കളെ വന്ധീകരിക്കുന്നതിനായി കുടുംബശ്രീ നൽകിയ അപേക്ഷയിൽ സൗകര്യങ്ങളടക്കം വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
പൊതുനിരത്തിലെ ആക്രണമകാരികളായ തെരുവുനായ്ക്കളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്.
Also Read: 'പേവിഷബാധ: വാക്സിനേഷൻ എപ്പോള്‍, എങ്ങനെ? ' വെറ്ററിനറി വിദഗ്‌ധന്‍ സംസാരിക്കുന്നു