എറണാകുളം: ഗൂഢാലോചന കേസ് അടക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയായിരുന്നു സ്വപ്‌ന സുരേഷിനെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചേർത്ത് രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തത്.
പാലക്കാടും തിരുവനന്തപുരത്തും ഉള്ള ഈ രണ്ട് കേസുകളുടെയും എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജികളിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബെഞ്ച് ഇന്ന് വിധി പറയുക. കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സ്വപ്‌നയ്‌ക്ക് എതിരെ ഗൂഢാലോചന കേസ് എടുത്തത്. തൊട്ടു പിന്നാലെ, അഡ്വ. സി പി പ്രമോദിന്‍റെ പരാതിയില്‍ പാലക്കാട് കസബ പൊലീസും കലാപാഹ്വാന കേസും രജിസ്റ്റർ ചെയ്‌തു.
പൊലീസും ജലീലും കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഇതിൽ പങ്കാളികളായവരിൽ നിന്നുൾപ്പെടെ തെളിവുകൾ ശേഖരിച്ചുവെന്നും സർക്കാർ വാദിച്ചിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കോടതി ഇടപെടരുത് എന്നാണ് സർക്കാർ നിലപാട്.
പ്രതികാര നടപടിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ കേസുകൾ റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. ഹർജിയിൽ നേരത്തെ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലവും സ്വപ്‌ന സമർപ്പിച്ചിരുന്നു. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഉള്ള ആരോപണങ്ങളായിരുന്നു സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നത്.