എറണാകുളം: സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ശമ്പളം പിടിക്കുന്നതിൽ നിന്ന് ഒഴിവാക്കണം. ഇവർ ഭരണഘടനാപരമായ ചുതല വഹിക്കുന്നവരാണ്. ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണന്നാണ് സർക്കാരിന് നൽകിയ കത്തിൽ വിശദീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി രജിസ്‌ട്രാര്‍ ധനവകുപ്പിന് കത്ത് നൽകിയത്.
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാലറി ചലഞ്ചില്‍ നിന്നും ജഡ്ജിമാരെ ഒഴിവാക്കണമെന്ന് അറിയിച്ച് ഹൈക്കോടതി സർക്കാരിന് കത്തയച്ചത്. അതേസമയം, ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം താൽകാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതിനെ മറികടക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് ഹൈക്കോടതി രജിസ്‌ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.