എറണാകുളം: ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധിക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നതിനാണ് ഹൈക്കോടതി 10 ദിവസത്തെ ഇടക്കാല സ്റ്റേ അനുവദിച്ചത്. ഈ സമയം എ രാജയ്‌ക്ക് സുപ്രീം കോടതിയെ സമീപിക്കാം.
സ്റ്റേ കാലയളവിൽ എംഎൽഎ എന്നുള്ള നിലയിൽ ആനുകൂല്യം കൈപ്പറ്റരുതെന്നും കോടതി നിര്‍ദേശിച്ചു. പുറമെ നിയമസഭയില്‍ വോട്ടവകാശം ഉണ്ടാകില്ല. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നലെയാണ് (മാര്‍ച്ച് 20) ഹൈക്കോടതി റദ്ദാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി, എ രാജ ദേവികുളത്ത് മത്സരിച്ചത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്ന പരാതിയിലാണ് ഹൈക്കോടതി ഫലം റദ്ദാക്കിയത്. ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി കുമാറിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി.
'സംവരണ സീറ്റില്‍ മത്സരിക്കാൻ യോഗ്യതയില്ല': എ രാജ ക്രിസ്‌തുമത വിശ്വാസിയാണെന്നാണ് ഡി കുമാര്‍ ഹര്‍ജിയില്‍ വാദിച്ചത്. എ രാജ ഹിന്ദു പറയ സമുദായത്തിൽപ്പെട്ട ആളല്ല എന്നും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് അദ്ദേഹം മത്സരിച്ചതെന്നുമായിരുന്നു കുമാറിന്‍റെ പരാതി. 'രാജ ഹിന്ദു മതവിഭാഗത്തിലെ ആളാണെന്ന് പറയാനാകില്ല. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. രാജയുടെ നാമനിര്‍ദേശം റിട്ടേണിങ് ഓഫിസര്‍ തള്ളേണ്ടതായിരുന്നു'- ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
ഉത്തരവിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭ സ്‌പീക്കര്‍ക്കും പുറമെ സംസ്ഥാന സർക്കാരിനും നല്‍കണം. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ രജിസ്റ്ററില്‍ രാജയുടെ വിവാഹ ഫോട്ടോ ഉണ്ടായിരുന്നു. ഇതടക്കം പരിശോധിച്ചാണ് കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.
ALSO READ| ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി
ക്രിസ്‌ത്യന്‍ സമുദായത്തില്‍പ്പെട്ട അന്തോണി - എസ്‌തര്‍ ദമ്പതികളുടെ മകനാണ് രാജ. മാട്ടുപ്പെട്ടി കുണ്ടള സിഎസ്ഐ പള്ളിയിൽ രാജയുടെ മാതാപിതാക്കള്‍ മാമോദീസ സ്വീകരിച്ചിട്ടുണ്ട്. രാജയും ഇതേ പള്ളിയിൽ മാമോദീസ സ്വീകരിച്ച് ക്രൈസ്‌തവ വിശ്വാസിയായത്. ഷൈനി പ്രിയയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. ക്രിസ്‌ത്യന്‍ മതാചാര പ്രകാരമാണ് ഇരുവരും വിവാഹിതരായതെന്നും ഡി കുമാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. വിവിധ അയോഗ്യതകള്‍ കാരണം സംസ്ഥാനത്ത് ഇതിന് മുന്‍പും ഇത്തരത്തില്‍ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കിയിട്ടുണ്ട്.
രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്: ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കോടതി വിധി സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പട്ടികജാതി സംവരണ സീറ്റില്‍ കള്ള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് രാജ മത്സരിച്ചത്. ഇതുസംബന്ധിച്ച് സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്നും ഇന്നലെ (മാര്‍ച്ച് 20) സതീശന്‍ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
അപ്പീല്‍ നല്‍കാന്‍ നിര്‍ദേശം: ഫലം റദ്ദാക്കിയ വിധിയില്‍ എ രാജയോട് അപ്പീൽ നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർദേശം നൽകിയെന്ന വിവരം മാര്‍ച്ച് 20ന് പുറത്തുവന്നിരുന്നു. സമാന കേസുകളിലെ മുന്‍പുണ്ടായ വിധി കണക്കിലെടുത്ത് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകും എന്നാണ് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നത്.