എറണാകുളം: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ നാലാം പ്രതി ഡിംപിൾ ലാംബയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം അന്തിമ കുറ്റപത്രം സമർപ്പിക്കും വരെ എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുത്, വിചാരണ പൂർത്തിയാകും വരെ കേരളം വിട്ട് പുറത്ത് പോകരുത്, തുടങ്ങിയവയാണ് ഉപാധികൾ.
അന്വേഷണം പൂർത്തിയായ കേസിൽ പ്രതി ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൊച്ചി നഗരത്തിലെ ഹോട്ടലിൽ ഡിംപിളിനൊപ്പം എത്തിയ കാസർകോട് സ്വദേശിനിയായ മോഡലിനെ നവംബർ 17ന് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിൻ്റെ മുഖ്യ ആസൂത്രക ഡിംപിളാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
പീഡനത്തിന് ഒത്താശ ചെയ്‌തുവെന്നാരോപിച്ച് നവംബർ 19നാണ് ഡിംപിളിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായി 53 ദിവസം പിന്നിട്ടപ്പോഴാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമാണെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.
എന്നാൽ, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാകുമെന്നാണ് ഹർജിക്കാരിയുടെ വാദം. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുധി, നിധിൻ എന്നിവരാണ് മറ്റ് പ്രതികൾ. കേസിലെ മറ്റൊരു പ്രതിയായ വിവേകുമായി ഡിംപിൾ പലസ്ഥലങ്ങളിൽ പോയതിന്‍റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
ഡിംപിളിനൊപ്പം ബാറിലെത്തി മദ്യലഹരിയിലായ യുവതിയെ കൊടുങ്ങല്ലൂർ സ്വദേശികളായ സുധി, നിധിൻ, വിവേക് എന്നീ പ്രതികൾ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ മോഡലിങ് രംഗത്തുള്ള ഡിംപിളിന്‍റെ ക്ഷണപ്രകാരമാണ് ബലാത്സംഗത്തിനിരയായ യുവതി തേവരയിലെ ബാറിൽ ഡിജെ പാർട്ടിക്കെത്തിയത്.
ഡിംപിളിന്‍റെ മൂന്ന് ആൺ സുഹൃത്തുക്കളായ പ്രതികളും ഇവരോടൊപ്പമുണ്ടായിരുന്നു. മദ്യപാനത്തെ തുടർന്ന് അവശയായ യുവതിയെ രാജസ്ഥാൻ സ്വദേശി ഥാർ വാഹനത്തിൽ യുവാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. യുവതിയുമായി വാഹനത്തിൽ കറങ്ങിയ മൂന്ന് യുവാക്കൾ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് യുവതിയെ വീണ്ടും ബാറിലെത്തിച്ച് പ്രതിയായ യുവതിയേയും കൂട്ടി യുവാക്കൾ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഡോളിയെന്ന് അറിയപ്പെട്ടിരുന്ന ഡിംപിൾ കൊച്ചിയിൽ നിരവധി തവണ വരികയും ഫാഷൻ ഷോകളിലും പാർട്ടികളിലേക്കും മോഡലുകളെ വിതരണം ചെയ്യുമെന്നും പറയുന്നു.