എറണാകുളം : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കാനുള്ള അപേക്ഷയിൽ ഐ ജി ജി.ലക്ഷ്‌മണിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം (High Court Criticizes IG G Lakshman). ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ നിരീക്ഷിച്ചു. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനായി ഐജി ജി.ലക്ഷ്‌മൺ നൽകിയ അപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായത്. തന്‍റെ അറിവോടെയല്ല, മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ലക്ഷ്‌മണിന്‍റെ വിശദീകരണം.
ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ലെന്ന് വിമർശിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണന്‍ ഇത്തരം സംഭവങ്ങള്‍ കോടതി നടപടികള്‍ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആരോപണം ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി. കൂടാതെ ആരോപണങ്ങൾ അഭിഭാഷകന്‍റെ ഭാവിയെ ബാധിക്കുന്നതാണ്. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും ഹൈക്കോടതി ജി ലക്ഷ്‌മണിന് മുന്നറിയിപ്പ് നൽകി.
ഹർജി നേരത്തെ സമർപ്പിച്ച അഡ്വ. നോബിൾ മാത്യുവിനെ മാറ്റി പകരം അഡ്വ. എസ് രാജീവ് മുഖാന്തരമായിരുന്നു പിൻവലിക്കാനുള്ള അപേക്ഷ ലക്ഷ്‌മൺ നൽകിയത്. മോൻസൻ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പിലെ ഗൂഢാലോചനക്കേസിൽ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഐജി ഗുഗുലോത്ത് ലക്ഷ്‌മണിന്‍റെ ഗുരുതര ആരോപണങ്ങൾ.
ALSO READ: പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പ് : ഐ.ജി ജി ലക്ഷ്‌മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പുകളും മറ്റും സിഎം ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്നുവെന്നുമായിരുന്നു ആരോപണമുന്നയിച്ചത്. ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢ സംഘം പ്രശ്‌ന പരിഹാരം നടത്തുകയാണ്. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തന്നെ മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഉൾപ്പെടുത്തിയതെന്നും ഐജി ജി ലക്ഷ്‌മൺ ആരോപിച്ചിരുന്നു. 2021 സെപ്റ്റംബർ 23നാണ് മോൻസൺ മാവുങ്കലിനെതിരെ പണം തട്ടിയെടുത്തെന്ന കേസ് രജിസ്‌റ്റര്‍ ചെയ്യുന്നത്.
ALSO READ: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര ആരോപണം : ഐജി ജി ലക്ഷ്‌മണിനെതിരെ നടപടിക്ക് സാധ്യത
പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് ഐജി ജി ലക്ഷ്‌മൺ, മുൻ ഡിഐജി സുരേന്ദ്രൻ, കെ സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ഇതുപ്രകാരം ഓഗസ്‌റ്റ് 14 ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നമുള്ളതിനാൽ ചികിത്സയിലിരിക്കെ എത്താൻ കഴിയില്ലെന്ന് ഐജി ജി ലക്ഷ്‌മൺ അറിയിക്കുകയായിരുന്നു. ഇതിന് മുൻപ് രണ്ട് തവണ ഇഡി നോട്ടിസ് നൽകിയപ്പോഴും ജി ലക്ഷ്‌മൺ ഹാജരായിരുന്നില്ല. അതിനിടെ സസ്പെൻഷൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്‌മൺ നൽകിയ ഹർജിയിൽ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിനോട് വിശദീകരണം തേടിയിട്ടുമുണ്ട്.