എറണാകുളം: പാതയോരത്തെ അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. തൃശൂരില്‍ റോഡരികിലെ തോരണം കഴുത്തിൽ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികക്ക് പരിക്കേറ്റ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. പാതയോരത്തെ അനധികൃത ഫ്ലക്‌സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാനായി ഇടക്കാല ഉത്തരവിറക്കിയിട്ടും അവ നടപ്പിലാക്കാത്തതിലാണ് ഹൈക്കോടതി രോഷം പ്രകടിപ്പിച്ചത്.
ഫ്ലക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും കാരണം ദുരന്തമോ അപകടമോ ഉണ്ടാകുന്നത് വരെ ഉത്തരവുകൾ നടപ്പാക്കാതെ കാത്തിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട കട്ടൗട്ടുകളും ഫ്ലക്‌സ് ബോര്‍ഡുകളും നീക്കം ചെയ്‌തിട്ടില്ല. റോഡരികിലെ തോരണം കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണം നല്‍കാന്‍ തൃശൂർ കോർപറേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
നഗരസഭ പരിധിയിലെ അനധികൃത കൊടി തോരണങ്ങളടക്കം നീക്കം ചെയ്‌ത് റിപ്പോര്‍ട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.