എറണാകുളം : തൃശൂരില്‍ കൊടി തോരണം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. വിഷയത്തില്‍ കോര്‍പറേഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പാതയോരത്ത് ഏതെങ്കിലും സാധാരണക്കാരനാണ് കൊടി തോരണം കെട്ടിയതെങ്കില്‍ കേസെടുക്കുമായിരുന്നു. എന്തുകൊണ്ട് അപകടമുണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തില്ലെന്നും കോടതി ചോദിച്ചു.
കോടതി പല തവണ ആവശ്യപ്പെട്ടിട്ടും ഉത്തരവുകൾ ഇറക്കിയിട്ടും അവ നടപ്പിലാക്കിയിട്ടില്ല. കോടതിയുടെ വിമർശനങ്ങൾക്ക് രാഷ്ട്രീയ നിറം നൽകരുത്. കൊടി തോരണങ്ങള്‍ ആരുവച്ചാലും തെറ്റാണ്. സംസ്ഥാനത്ത് എത്ര അപകടങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
റോഡരികിലെ കൊടിതോരണങ്ങള്‍ മാറ്റണമെന്ന കോടതി ഉത്തരവ് ലംഘിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി 12ന് അനധികൃത ഫ്ലക്‌സ് ബോർഡുകളുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയോട് അന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
also read: പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി
കിസാന്‍സഭ സമ്മേളനത്തോടനുബന്ധിച്ച് തൃശൂര്‍ അയ്യന്തോള്‍ റോഡിലെ ഡിവൈഡറില്‍ കെട്ടിയിരുന്ന തോരണം കഴുത്തില്‍ കുരുങ്ങിയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ച അഭിഭാഷക അപകടത്തില്‍പ്പെട്ടത്.