എറണാകുളം : കേരള സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസി നിയമനത്തിൽ ഗവര്‍ണര്‍ക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. വിസി നിയമനത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യങ്ങള്‍. വി.സി സ്ഥാനത്തേക്ക് മറ്റ് സർവകലാശാലകളിലെ വി.സിമാർ ഇല്ലായിരുന്നോ? പ്രൊ.വി.സി ഉണ്ടായിരുന്നില്ലേ? സിസ തോമസിന്‍റെ പേര് ആര് നിർദേശിച്ചു? സിസ തോമസിന്‍റെ പേരിലേക്ക് എങ്ങനെയെത്തി? എന്നിവയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
എന്നാല്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തവര്‍ ചുമതല നല്‍കാന്‍ അയോഗ്യരായിരുന്നെന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ കോടതിക്ക് നല്‍കിയ മറുപടി. സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വി.സി നിയമനവും സംശയത്തിന്‍റെ നിഴലിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വി.സിയുടെ പേര് തള്ളിയതെന്നും ഗവർണർ വ്യക്തമാക്കി.
താത്കാലിക വിസി നിയമനത്തിന് യു.ജി.സി ചട്ടങ്ങളോ പ്രത്യേക നടപടി ക്രമങ്ങളോ ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്‍റെ വാദം. എന്നാല്‍ ഒരു ദിവസമാണ് വിസി സ്ഥാനത്ത് ഇരിക്കുന്നതെങ്കില്‍ പോലും കൃത്യമായ യോഗ്യത ഉള്ളവരായിരിക്കണം അതെന്ന് കോടതി പറഞ്ഞു. വിസി എന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയായതിനാൽ തെരഞ്ഞെടുക്കേണ്ടത് സൂക്ഷ്മതയോടെയാകണമെന്നും കോടതി നിരീക്ഷിച്ചു.
സര്‍വകലാശാലകളുടെ യശസ്സ് കാത്തുസൂക്ഷിക്കണം. അത് നഷ്‌ടമായാല്‍ വിദ്യാര്‍ഥികള്‍ എത്താതെയാകും. വിദ്യാർഥികളെ കുറിച്ചാണ് തന്‍റെ ആശങ്കയെന്നും ഏറ്റവും മികച്ച വിസിയെയാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ഇപ്പോഴും ഒരു വിഭാഗം വിദ്യാർഥികളും ജീവനക്കാരും തനിക്ക് നേരെ പ്രതിഷേധമുയർത്തുന്നുണ്ടെന്ന് സിസ തോമസ് അറിയിച്ചു.
ദൈനംദിന ചുമതലകൾ പോലും നിർവഹിക്കുന്നതില്‍ തടസമുണ്ടാകുന്നുണ്ട്. സർട്ടിഫിക്കറ്റിനായി 4000ൽ അധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും സിസ തോമസ് വ്യക്തമാക്കി. എന്നാൽ സിസ തോമസിന്‍റെ യോഗ്യതയല്ല, മറിച്ച് സീനിയോറിറ്റിയാണ് പരിശോധിക്കേണ്ടതെന്ന് കോടതി പറഞ്ഞു. സ്ഥിരം വി.സിയുടെ നിയമന നടപടികൾ എന്തായി എന്ന സിംഗിള്‍ ബഞ്ചിന്‍റെ ചോദ്യത്തിന് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു ചാന്‍സലറുടെ മറുപടി. ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വീണ്ടും വാദം കേൾക്കും.